കേരളത്തിന്റെ, കോൺഗ്രസിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി…. വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് ഷാഫി പറമ്പിൽ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ ആവേശത്തോടെ സ്വാഗതം ചെയ്ത് യുഡിഎഫ് നേതാക്കൾ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നിരവധി പ്രമുഖരാണ് നിയുക്ത മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തിയത്. “കേരളത്തിന്റെ, കോൺഗ്രസിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി ശ്രീ വി.ഡി സതീശന് അഭിവാദ്യങ്ങൾ” എന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. ലളിതമെങ്കിലും ശക്തമായ വാക്കുകളിലൂടെയാണ് ഷാഫി പറമ്പിൽ എംപി തന്റെ പിന്തുണ അറിയിച്ചത്.
ജനഹിതം മുൻനിർത്തി ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള കാലമാണ് വരാനിരിക്കുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും വി.ഡി. സതീശനും സർക്കാരിനും എല്ലാവിധ പിന്തുണയും നൽകുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. “പാർട്ടിയും ജനങ്ങളുമാണ് വലുത്, അടിയുറച്ച കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ” എന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.



