രാജ്യത്ത് മൂന്നാം ഘട്ട വോട്ടർ പട്ടിക പരിഷ്കരണം പ്രഖ്യാപിച്ചു….. നിർണ്ണായക നീക്കവുമായി ഇലക്ഷൻ കമ്മീഷൻ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക കുറ്റമറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (SIR) മൂന്നാം ഘട്ടം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. 16 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഈ ഘട്ടത്തിൽ നടപടികൾ നടക്കുക. ഏകദേശം 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വീടുകൾ സന്ദർശിച്ച് വിവരശേഖരണം നടത്തും.
36.73 കോടി വോട്ടർമാരിലേക്ക് ഇവർ നേരിട്ടെത്തും. നിലവിൽ രാജ്യത്ത് പുരോഗമിക്കുന്ന സെൻസസ് ഹൗസ് ലിസ്റ്റിംഗ് നടപടികൾക്കൊപ്പം തന്നെയാണ് വോട്ടർ പട്ടിക പുതുക്കലും നടക്കുന്നത്. അർഹരായ എല്ലാ പൗരന്മാരെയും പട്ടികയിൽ ഉൾപ്പെടുത്തുക, മരണപ്പെട്ടവരേയും താമസം മാറിയവരേയും ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം.
കാലാവസ്ഥയും സെൻസസ് നടപടികളും പരിഗണിച്ച് ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ പരിഷ്കരണം പിന്നീട് നടത്തും. എസ്ഐആർ പ്രക്രിയയുടെ ആദ്യഘട്ടം 2025 ജൂൺ-സെപ്റ്റംബർ കാലയളവിൽ ബീഹാറിലാണ് ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, അസം ഉൾപ്പെടെയുള്ള ഒൻപത് സംസ്ഥാനങ്ങളിൽ നടപടികൾ പൂർത്തിയായിരുന്നു.



