കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഡൽഹിയിൽ…. അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്…..

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനമായി. എഐസിസി ആസ്ഥാനമായ ഡൽഹിയിലെ അക്ബർ റോഡിൽ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താസമ്മേളനത്തിൽ ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക്, ജയറാം രമേശ് എന്നിവർ സംയുക്തമായാണ് മാധ്യമങ്ങളെ കാണുക.

നേരത്തെ നിരീക്ഷകർ ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തെത്തി നിയമസഭാ കക്ഷി യോഗത്തിന് ശേഷം തീരുമാനം അറിയിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ അവസാന നിമിഷം ഹൈക്കമാൻഡ് ഈ തീരുമാനം മാറ്റുകയായിരുന്നു. ഡൽഹിയിൽ വെച്ച് തന്നെ പ്രഖ്യാപനം നടത്തുന്നതിലൂടെ പാർട്ടിയിലെ ഐക്യം ഉറപ്പാക്കാനും അനാവശ്യ തർക്കങ്ങൾ ഒഴിവാക്കാനുമാണ് കോൺഗ്രസ് നേതൃത്വം ലക്ഷ്യമിടുന്നത്. രാവിലെ മുതൽ ഡൽഹിയിൽ നടന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനത്തിന് സമയമായത്. കെ.സി. വേണുഗോപാൽ രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയും ദീപാ ദാസ് മുൻഷി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ കണ്ടതും ഈ പ്രഖ്യാപനത്തിന്റെ മുന്നോടിയായിരുന്നു എന്നാണ് കരുതപ്പെടുന്നത്.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരും ഘടകകക്ഷികളും അതീവ ആകാംക്ഷയോടെയാണ് ഡൽഹിയിൽ നിന്നുള്ള ഈ വാർത്തയെ നോക്കിക്കാണുന്നത്. 12 മണിക്ക് അക്ബർ റോഡിൽ നേതാക്കൾ എത്തുന്നതോടെ കേരളത്തിന്റെ ഭരണത്തലവനെക്കുറിച്ചുള്ള സസ്പെൻസിന് വിരാമമാകും.

Related Articles

Back to top button