വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി….. 11 ദിവസത്തെ സസ്പെൻസിന് വിരാമം

കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള പതിനൊന്ന് ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമം. വി.ഡി. സതീശനെ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി രാഹുൽ ഗാന്ധി നടത്തിയ നിർണ്ണായക ചർച്ചയിലാണ് അന്തിമ തീരുമാനമുണ്ടായത്.

മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാലിന്റെ പേര് അവസാന നിമിഷം വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ അഭിപ്രായവും കേരളത്തിലെ പൊതുവികാരവും മാനിക്കണമെന്ന നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചുനിന്നു. ഒടുവിൽ രാഹുൽ ഗാന്ധിയുടെ അനുനയ നീക്കങ്ങൾക്ക് കെ.സി. വേണുഗോപാൽ വഴങ്ങിയതോടെ വി.ഡി. സതീശന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി തെളിയുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മുന്നിൽ നിന്ന് നയിച്ച വി.ഡി. സതീശന് മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭരണത്തലവനെ ഉടൻ പ്രഖ്യാപിക്കണമെന്ന ലീഗിന്റെ കടുത്ത സമ്മർദ്ദവും ഹൈക്കമാൻഡിന്റെ പെട്ടെന്നുള്ള തീരുമാനത്തിന് കാരണമായി.

ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ സംസ്ഥാനത്തുടനീളം കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനങ്ങൾ ആരംഭിച്ചു. വി.ഡി. സതീശന്റെ ഫ്ലെക്സുകളും പോസ്റ്ററുകളും കൊണ്ട് നഗരങ്ങൾ നിറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള മികച്ച പ്രകടനവും പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിൽ വഹിച്ച പങ്കുമാണ് സതീശനെ മുഖ്യമന്ത്രി കസേരയിലേക്ക് എത്തിച്ചത്. ഇന്ന് വൈകുന്നേരത്തോടെ തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടും.

Related Articles

Back to top button