പറമ്പിലെ കാട് വെട്ടുന്നതിനിടെ കടന്നൽ ആക്രമണം…. കാസർകോട് അധ്യാപകൻ മരിച്ചു

കാസർകോട്: കാസർകോട് ബളാന്തോട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകൻ കടന്നൽ കുത്തേറ്റ് മരിച്ചു. ചാമുണ്ടിക്കുന്ന് സ്വദേശി വിജയൻ മാസ്റ്റർ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ തുമ്പോടിയിലെ സ്വന്തം പറമ്പിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു ദാരുണമായ സംഭവം.
രാവിലെ പണിക്കാരോടൊപ്പം പറമ്പിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് കടന്നൽ ആക്രമണമുണ്ടായത്. മൺപുറ്റിൽ കൂട് കൂട്ടിയ കടന്നലുകൾ പ്രകോപിതരായി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കടന്നൽ കുത്തേറ്റ വിജയൻ മാസ്റ്ററെ ഉടൻ തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയൻ മാസ്റ്ററോടൊപ്പം ഉണ്ടായിരുന്ന നാലോളം തൊഴിലാളികൾക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്. ഇവരെയും ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഈ വർഷം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് വിജയൻ മാസ്റ്ററുടെ അപ്രതീക്ഷിത വിയോഗം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



