കോൺഗ്രസിലെ ഗ്രൂപ്പ് കളിയിൽ ലീഗിന് അമർഷം…. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടി ഒൻപത് ദിവസം പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ഉത്തരവാദിത്തമില്ലാത്ത നടപടിയാണെന്നും വേഗത്തിൽ തീരുമാനമുണ്ടാകണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. 102 സീറ്റുകൾ നേടി മുന്നണി അധികാരമുറപ്പിച്ചിട്ടും കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ ഭരണവിട്ടുവീഴ്ചയ്ക്ക് കാരണമാകുന്നത് അംഗീകരിക്കാനാവില്ലെന്ന സൂചനയാണ് ലീഗ് നൽകുന്നത്.
“മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് ശരിയല്ല. അതൊരു ‘റെസ്പോൺസിബിൾ മാറ്റർ’ അല്ലേ? വേഗത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഹൈക്കമാൻഡ് തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി സംസാരിച്ചിട്ടില്ല. തീരുമാനം വന്നാലുടൻ യുഡിഎഫ് ചർച്ചകൾ ആരംഭിക്കും,” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ജനവികാരം മാനിക്കാതെ കോൺഗ്രസ് ഗ്രൂപ്പ് സമവാക്യങ്ങൾക്ക് മുൻഗണന നൽകുന്നതിലാണ് ലീഗിന് പ്രതിഷേധം. യുഡിഎഫ് വിജയത്തിന് നേതൃത്വം നൽകിയ വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ലീഗ് പിന്തുണയ്ക്കുന്നുണ്ടെന്നാണ് സൂചന. മുഖ്യമന്ത്രിയെ തീരുമാനിക്കാത്തത് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ ആഹ്ലാദ പ്രകടനത്തിന് പോലും മങ്ങലേൽപ്പിച്ചതായി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൽ ഹമീദ് അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ചേരാനിരുന്ന യോഗം അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ അടിയന്തരമായി ചേരുകയായിരുന്നു. ലീഗിന്റെ മന്ത്രിമാരെയും വകുപ്പുകളെയും തീരുമാനിക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ യോഗം ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഭരണസ്തംഭനമില്ലെന്നും ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യമുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഹൈക്കമാൻഡ് തീരുമാനം വന്നാലുടൻ യുഡിഎഫ് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും.



