കാണാതാകുന്ന സ്ത്രീകളുടെ എണ്ണത്തിൽ കൊല്ലം മുന്നിൽ…. തിരിച്ചു വരാത്തത് 500-ലധികം പേർ

കൊല്ലം: കേരളത്തിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ വർദ്ധിച്ചുവരുന്ന തിരോധാനം കൊല്ലം ജില്ലയെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്ത് തന്നെ സ്ത്രീകൾ ഏറ്റവും കൂടുതൽ കാണാതാകുന്ന ജില്ലയായി കൊല്ലം മാറിയിരിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു മാസത്തിൽ ശരാശരി 70 മുതൽ 90 വരെ സ്ത്രീകളെയാണ് ജില്ലയിൽ നിന്ന് കാണാതാകുന്നത്.
പ്രതിവർഷം ഏകദേശം 900 പേരെ ജില്ലയിൽ നിന്ന് കാണാതാകുമ്പോൾ, അതിൽ 90 ശതമാനം പേരെയും കണ്ടെത്താൻ പോലീസിന് സാധിക്കുന്നുണ്ട്. എന്നാൽ ബാക്കിയുള്ള 5 മുതൽ 8 ശതമാനം വരെ പേരെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ല. അതായത്, ഓരോ വർഷവും 45 മുതൽ 72 വരെ സ്ത്രീകൾ എവിടെയെന്നറിയാതെ അപ്രത്യക്ഷരാകുന്നു. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ 500-ലധികം സ്ത്രീകളാണ് ഇത്തരത്തിൽ കാണാതായ ശേഷം തിരിച്ചു വരാത്തവരായിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും 18-നും 35-നും ഇടയിൽ പ്രായമുള്ളവരാണെന്നത് ഗൗരവം വർദ്ധിപ്പിക്കുന്നു.
കാണാതാകുന്ന കേസുകൾക്ക് പുറമെ ആത്മഹത്യാ നിരക്കിലും കൊല്ലം ജില്ല മുന്നിലാണ്. ഈ രണ്ട് വിഷയങ്ങളിലും ശാസ്ത്രീയമായ പഠനം നടത്താൻ കടപ്പാക്കട സ്‌പോർട്‌സ് ക്ലബിന്റെ വനിതാ വേദിയായ ‘സ്‌നേഹിത കൺവെൻഷൻ’ തീരുമാനിച്ചു. 15 വർഷം മുൻപ് തന്നെ സ്നേഹിത ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണങ്ങൾ തുടങ്ങിയിരുന്നു. പ്രണയക്കെണികൾ, കുടുംബ പ്രശ്നങ്ങൾ, സൈബർ ചതിക്കുഴികൾ, തൊഴിൽ തട്ടിപ്പ് എന്നിവയാണ് ഈ തിരോധാനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായി വിലയിരുത്തപ്പെടുന്നത്. കാണാതായവർക്കായി കാത്തിരിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി ഒരു പ്രത്യേക നിയമ സഹായ കേന്ദ്രം തുറക്കാനും സ്നേഹിത തീരുമാനിച്ചു. കാണാതാകുന്നവരുടെ കുടുംബങ്ങൾക്ക് നിയമപരമായ ഉപദേശങ്ങളും പിന്തുണയും നൽകുക വഴി ഈ സാമൂഹിക വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.



