നീറ്റ് തട്ടിപ്പ്…. അന്വേഷണം കേരളത്തിലേക്കും…. പരീക്ഷാ നടത്തിപ്പിന് പുതിയ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളിൽ നിർണ്ണായക നീക്കവുമായി മെഡിക്കൽ സംഘടനയായ ഫെയ്മ (FAIMA) സുപ്രീംകോടതിയെ സമീപിച്ചു. പരീക്ഷാ നടത്തിപ്പിൽ പൂർണ്ണമായും പരാജയപ്പെട്ട നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (NTA) പകരം കൂടുതൽ സുതാര്യമായ മറ്റൊരു സംവിധാനം വേണമെന്നും, കോടതിയുടെ മേൽനോട്ടത്തിൽ പുനഃപരീക്ഷ നടത്തണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പരീക്ഷ റദ്ദാക്കിയ നടപടിക്ക് പിന്നാലെയാണ് ഈ നിയമപോരാട്ടം.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേരളമടക്കം 10 സംസ്ഥാനങ്ങളിലേക്ക് സിബിഐ അന്വേഷണം വ്യാപിപ്പിച്ചു. പരീക്ഷയ്ക്ക് മുൻപേ തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പർ കേരളത്തിലെ വിദ്യാർത്ഥികളിലേക്കും എത്തിയെന്നാണ് സിബിഐ കണ്ടെത്തൽ. രാജസ്ഥാൻ പോലീസ് കൈമാറിയ 200 വിദ്യാർത്ഥികളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് ജില്ലകളിൽ നിന്നുള്ളവരുണ്ടെന്നാണ് വിവരം. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക് ഈ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നും ഇയാൾ വഴിയാണ് പേപ്പർ പ്രചരിച്ചതെന്നും സംശയിക്കുന്നു.
ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളിലല്ല, മറിച്ച് ചോദ്യപേപ്പർ അച്ചടിച്ച നാസിക്കിലെ പ്രസ്സിൽ നിന്നാണ് ചോർച്ചയുടെ തുടക്കം. പ്രസ്സിൽ നിന്ന് മെഡിക്കൽ വിദ്യാർത്ഥിയായ ശുഭം കർനിയാർക്ക് ലഭിച്ച പേപ്പർ ഹരിയാനയിലെ ഒരു ഡോക്ടർ വഴി സിക്കറിലെ മനീഷ് യാദവ്, രാകേഷ് കുമാർ എന്നിവരിലേക്ക് എത്തി. പിടിക്കപ്പെടാതിരിക്കാൻ യഥാർത്ഥ ചോദ്യപേപ്പറിനെ ‘മാതൃകാ ചോദ്യപേപ്പർ’ എന്ന പേരിൽ മാറ്റിയാണ് വിതരണം ചെയ്തത്. ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി 25,000 മുതൽ 2 ലക്ഷം രൂപ വരെ ഈടാക്കിയാണ് പേപ്പർ വിറ്റത്. ‘പ്രൈവറ്റ് മാഫിയ’ എന്ന ടെലിഗ്രാം ചാനലും ഇതിനായി ഉപയോഗിച്ചു.
മാതൃകാ ചോദ്യപേപ്പറിൽ ഉണ്ടായിരുന്ന ബയോളജിയിലെ 90 ചോദ്യങ്ങളും കെമിസ്ട്രിയിലെ 45-ൽ 35 ചോദ്യങ്ങളും യഥാർത്ഥ പരീക്ഷാ പേപ്പറിലും അതേപടി ഉണ്ടായിരുന്നു എന്നത് തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു. നിലവിൽ നാല് പ്രത്യേക സംഘങ്ങളെയാണ് സിബിഐ അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ രാജ്യവ്യാപകമായി വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം കടുക്കുകയാണ്. എസ്എഫ്ഐ, കെഎസ് യു തുടങ്ങിയ സംഘടനകൾ വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുണ്ട്.



