കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു…. ആശങ്ക വേണ്ടെന്ന് പാർട്ടി നേതൃത്വം

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ചെറിയ ശസ്ത്രക്രിയയ്ക്കായിട്ടാണ് അവരെ ആശുപത്രിയിൽ എത്തിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പതിവ് നേത്ര ചികിത്സയുടെ ഭാഗമായുള്ള പരിശോധനകൾക്കും നടപടികൾക്കുമായാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സാധാരണയായി അണുബാധയുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി സോണിയ ഗാന്ധി ഡൽഹിയിലെ ഗംഗാറാം ആശുപത്രിയെയാണ് സമീപിക്കാറുള്ളത്. എന്നാൽ ഇത്തവണ മേദാന്ത ആശുപത്രിയിലാണ് അവർ ചികിത്സ തേടിയിരിക്കുന്നത്. നേത്ര ചികിത്സയ്ക്കൊപ്പം തന്നെ മറ്റു ചില ആരോഗ്യ പരിശോധനകളും ഇവിടെ വച്ച് നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ തന്നെ അവർ ആശുപത്രി വിടുമെന്നും നേതാക്കൾ അറിയിച്ചു.
കേരളത്തിലെ പുതിയ കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകളിൽ ഇന്നലെ വൈകുന്നേരം വരെ സോണിയ ഗാന്ധി സജീവമായിരുന്നു. വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരിലൊരാളെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കായി അവർ ആശുപത്രിയിൽ പ്രവേശിച്ചത്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്കൊപ്പം ആശുപത്രിയിലുണ്ട്.



