ആഫ്രിക്ക രണ്ടായി പിളരുന്നു, പുതിയ സമുദ്രം രൂപപ്പെടുന്ന പ്രക്രിയ പ്രതീക്ഷിച്ചതിലും വേഗത്തിൽ

ആഫ്രിക്കൻ ഭൂഖണ്ഡം ഭാവിയിൽ രണ്ടായി വേർപെട്ട് ഒരു പുതിയ സമുദ്രം രൂപപ്പെടാൻ സാധ്യതയുള്ള പ്രക്രിയ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ മുന്നേറുന്നതായി ശാസ്ത്രജ്ഞരുടെ പുതിയ പഠനം. കെനിയയിലെ തുർക്കാന റിഫ്റ്റ് സോണിൽ നടത്തിയ ഗവേഷണമാണ് ഈ ശ്രദ്ധേയമായ കണ്ടെത്തലുകൾ പുറത്തുവിട്ടത്.

ഭൂമിയുടെ ടെക്ടോണിക് പ്ലേറ്റുകൾ തമ്മിൽ അകന്നുമാറുന്നതിന്റെ ഫലമായാണ് ഈ ഭൂമിശാസ്ത്ര മാറ്റം നടക്കുന്നത്. നിലവിൽ ആഫ്രിക്കൻ പ്ലേറ്റ് നൂബിയൻ പ്ലേറ്റ്, സൊമാലി പ്ലേറ്റ് എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുന്ന ഘട്ടത്തിലാണ്. ഈ പ്രക്രിയ തുടർന്നാൽ കിഴക്കൻ ആഫ്രിക്ക ക്രമാനുഗതമായി പ്രധാന ഭൂഖണ്ഡത്തിൽ നിന്ന് വേർപെട്ട് പുതിയൊരു ഭൂഭാഗമായി മാറുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

പിളരുന്ന മേഖലയിൽ ഭൂമിയുടെ പുറംതോടിന്റെ കനം സാധാരണ 35 കിലോമീറ്റർ ആയിരിക്കേണ്ടിടത്ത് വെറും 13 കിലോമീറ്റർ മാത്രമാണുള്ളത്. ഭൂവൽക്കത്തിന്റെ കനം 15 കിലോമീറ്ററിന് താഴെയാകുമ്പോൾ അതിനെ ‘നെക്കിംഗ്’ ഘട്ടം എന്നാണ് വിളിക്കുന്നത്. ഈ ഘട്ടത്തിലെത്തിയാൽ ഭൂഖണ്ഡ വേർപാട് തടയാനാകില്ലെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

ഏകദേശം 40 ലക്ഷം വർഷങ്ങൾക്ക് മുൻപ് ഉണ്ടായ വലിയ അഗ്നിപർവ്വത പ്രവർത്തനങ്ങൾക്കു പിന്നാലെയാണ് തുർക്കാന മേഖലയിലെ ഈ നെക്കിംഗ് പ്രക്രിയ ആരംഭിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. അതേ പ്രദേശം തന്നെ മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട പുരാതന ഫോസിലുകളുടെ പ്രധാന കേന്ദ്രമായതും ഗവേഷകർ ശ്രദ്ധേയമായി ചൂണ്ടിക്കാട്ടുന്നു.

ഭൂമി പിളരുന്ന ഈ പ്രക്രിയ മൂലം മണ്ണടിഞ്ഞടിയൽ വേഗത്തിലാകുകയും, അതുവഴി ജീവികളുടെ അവശിഷ്ടങ്ങൾ ഫോസിലുകളായി സംരക്ഷിക്കപ്പെടുകയും ചെയ്തതാകാം ഈ പ്രദേശത്ത് മനുഷ്യ ചരിത്രവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചതിന്റെ കാരണം.

കിഴക്കൻ ആഫ്രിക്കയും മഡഗാസ്കർ ഉൾപ്പെടുന്ന ഭാഗവും ഭാവിയിൽ പ്രധാന ഭൂഖണ്ഡത്തിൽ നിന്ന് വേർപെട്ട് പുതിയൊരു വലിയ ദ്വീപായി മാറാനും, ഇടയിൽ പുതിയ സമുദ്രം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഭൂമി സ്ഥിരമല്ല, മറിച്ച് നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു സജീവ ഗ്രഹമാണെന്നതിന്റെ ശക്തമായ തെളിവായി നേച്ചർ കമ്മ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പഠനം വിലയിരുത്തപ്പെടുന്നു.

Related Articles

Back to top button