അങ്കമാലിയിൽ 600 ഗ്രാം മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ; ഒളിപ്പിച്ചത് കാറിന്റെ രഹസ്യ അറയിൽ 47 സോപ്പ് പെട്ടികളിലായി

കൊച്ചി: അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിലായി. ദിൽദാർ ഹുസൈൻ (41), മുഷ്ത്തക്കിൻ ആലം (19), കൈറുൽ ഇസ്ലാം (23) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അസമിൽ നിന്ന് കേരളത്തിലേക്ക് ഹെറോയിൻ കടത്തുന്ന റാക്കറ്റിലെ അംഗങ്ങളാണ് ഇവർ.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ചുനാളുകളായി പ്രതികൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പിടിയിലാകാതിരിക്കാൻ പ്രധാന റോഡുകൾ ഒഴിവാക്കി ഊടുവഴികളിലൂടെയായിരുന്നു ഇവരുടെ യാത്ര. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് ഏകദേശം 600 ഗ്രാം ഹെറോയിൻ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

അസം രജിസ്ട്രേഷനിലുള്ള കാറിന്റെ രഹസ്യ അറകളിൽ 47 സോപ്പ് പെട്ടികളിലായി ഹെറോയിൻ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. അസംയിൽ നിന്ന് ഒരു ബോക്സിന് ഏകദേശം 30,000 രൂപ നിരക്കിൽ വാങ്ങുന്ന ഹെറോയിൻ കേരളത്തിൽ 50,000 രൂപയ്ക്ക് വിൽപ്പന നടത്തി മടങ്ങുന്നതായിരുന്നു ഇവരുടെ രീതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Related Articles

Back to top button