അമ്മാവനൊപ്പം കൽപ്പാത്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ 13കാരൻ മുങ്ങിമരിച്ചു

പാലക്കാട് കൽപ്പാത്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ഇന്ന് രാവിലെ 10 മണിക്ക് ശേഷമായിരുന്നു സംഭവം.
കുന്നുംപുറം പേച്ചിയച്ചൻ നഗറിലെ മനോജിന്റെ മകൻ ആദർശാണ്(13) മരിച്ചത്. അമ്മാവനൊപ്പം കൽപ്പാത്തി കുണ്ടമ്പലത്തുള്ള കടവിൽ കുളിക്കാനെത്തിയതായിരുന്നു ആദർശ്. തുടർന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു.
അപകടമറിഞ്ഞെത്തിയ ബന്ധുക്കൾ ആദർശിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തെരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് ചെട്ടിത്തെരുവ് സ്വദേശികളായ മനോജും കുടുംബവും പേച്ചിമ്മൻ നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ്. റെയിൽവേ കോളനി സെൻറ് തോമസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആദർശ്. അനുവാണ് അമ്മ. ഒരു സഹോദരനുമുണ്ട്.
മറ്റൊരു സംഭവത്തിൽ ഇന്നലെ വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർഥികൾ ശക്തമായ ഒഴുക്കിൽപ്പെട്ട് മരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്.
കോതമംഗലത്തെ ദന്തൽ കോളേജിലെ ഒൻപതംഗ വിദ്യാർഥി സംഘമാണ് വടാട്ടുപാറയ്ക്ക് സമീപമുള്ള പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ മൂന്ന് പേർ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവം കണ്ട സുഹൃത്തുക്കളും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ഒഴുക്ക് ശക്തമായതിനാൽ ഉടൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഒഴുക്കിൽപ്പെട്ട മൂന്ന് പേരെയും കണ്ടെത്താനായത്.



