മുഖ്യമന്ത്രിക്ക് പിന്നാലെ കെപിസിസി അധ്യക്ഷ കസേരയ്ക്കും പിടിവലി…. ഖർഗെയെ കണ്ട് കൊടിക്കുന്നിൽ സുരേഷ്

തിരുവനന്തപുരം: കേരളത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ചകൾ പുരോഗമിക്കവെ, കോൺഗ്രസിൽ ഭരണ-സംഘടനാ തലപ്പത്ത് വൻ അഴിച്ചുപണിക്ക് സാധ്യത. മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് മുറുകുന്നതിനിടെ, കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി രംഗത്തെത്തി.
എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടാണ് കൊടിക്കുന്നിൽ സുരേഷ് തന്റെ താൽപ്പര്യം അറിയിച്ചത്. ബെന്നി ബഹനാന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കവെയാണ് കൊടിക്കുന്നിലിന്റെ കടന്നുവരവ്. മുതിർന്ന നേതാവെന്ന നിലയിൽ തനിക്ക് പദവിക്ക് അർഹതയുണ്ടെന്നും മുൻപ് പലതവണ മാറ്റിനിർത്തപ്പെട്ടുവെന്നും അദ്ദേഹം ഖർഗെയെ അറിയിച്ചു. സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വൻ വിജയം തന്റെ അവകാശവാദത്തിന് കരുത്തായി കൊടിക്കുന്നിൽ ഉയർത്തിക്കാട്ടുന്നു.
പുതിയ മന്ത്രിസഭാ പ്രഖ്യാപനത്തിനൊപ്പം തന്നെ കെപിസിസി അധ്യക്ഷനെയും പ്രഖ്യാപിച്ചേക്കും. നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് മാറുന്ന സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നത്. മന്ത്രിമാരാകുന്ന മറ്റ് കെപിസിസി ഭാരവാഹികളെയും പദവികളിൽ നിന്ന് മാറ്റും. എംഎൽഎമാരായ ഡിസിസി അധ്യക്ഷന്മാരെ മാറ്റി പുതിയ ആളുകളെ നിയമിക്കാനും ഹൈക്കമാൻഡ് ആലോചിക്കുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീധരൻ എംഎൽഎ രംഗത്തെത്തി. തീരുമാനങ്ങൾ വൈകുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുന്നുവെന്നും ഇത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം പരസ്യമായി പ്രതികരിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ വരും മണിക്കൂറുകൾ നിർണ്ണായകമാണ്. ഹൈക്കമാൻഡ് തീരുമാനം പ്രഖ്യാപിക്കുന്നതോടെ ഭരണ-സംഘടനാ തലപ്പത്തെ ചിത്രം വ്യക്തമാകും.



