കടയ്ക്കാമണ്ണിൽ വീണ്ടും അപകടം; നിർത്തിയിട്ട വാഹനത്തിൽ കാറിടിച്ചു, മൂന്നുപേർക്ക് പരിക്ക്

പുനലൂർ മൂവാറ്റുപുഴ പാതയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ മറ്റൊരു വാഹനമിടിച്ച് മൂന്നുപേർക്ക് പരിക്ക്. തമിഴ്നാട് തിരുനെൽവേലി സ്വദേശികൾക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പത്തനാപുരം കടയ്ക്കാ മണ്ണിലാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്. പുനലൂർ ഭാഗത്ത് നിന്നും വന്ന ഇന്നോവ കാറും തകരാറിലായി നിർത്തി ഇട്ടിരുന്ന തമിഴ്നാട് സ്വദേശികളുടെ ക്വാളിസ് ജീപ്പുമാണ് കൂട്ടി ഇടിച്ചത്. ക്വാളീസ് വാഹനത്തിൻ്റെ തകരാർ പരിഹരിക്കുന്നതിനായി റോഡിന്റെ വശം ചേർന്നു നില്ക്കുന്നതിനിടെയാണ് ഇന്നോവ ഇവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയത്.

ഗുരുതര പരിക്കേറ്റ തിരുനെൽവേലി സ്വദേശി 27 വയസുകാരനായ സുബ്ബക്കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് പേർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പുന്നല സ്വദേശികളായ രണ്ട് യുവാക്കളാണ് ഇന്നോവയിലുണ്ടായിരുന്നത്. ഇരുവർക്കും പരിക്കില്ല. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം. പത്തനാപുരം പൊലീസ് കേസ്സെടുത്തിട്ടുണ്ട്. കടയ്ക്കാമൺ ഭാഗത്ത് അപകടങ്ങൾ തുടർക്കഥയാവുകയാണ്.മൂന്ന്മാസത്തിനിടെ പതിനഞ്ചോളം അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Related Articles

Back to top button