കള്ള് കുടിച്ചെഴുന്നേറ്റു, പിന്നാലെ കവർച്ച…. ഷാപ്പുടമയുടെ എട്ട് പവൻ മാല കവർന്നു…. കറിവെപ്പുകാരനെ അടുക്കളയിൽ പൂട്ടിയിട്ടു

മലപ്പുറം: വെങ്ങാട് മൂർക്കനാട് റോഡിലെ കള്ള് ഷാപ്പിൽ മോഷണം. കള്ള് ഷാപ്പിൽ കള്ളു കുടിക്കാനെത്തിയവർ കവർച്ച നടത്തി കടന്നുകളഞ്ഞു. ഷാപ്പുടമ ചോലക്കുഴിയിൽ ദാമോദരന്റെ എട്ട് പവൻ മാലയും മൊബൈൽ ഫോണുമാണ് സംഘം കവർന്നത്. സംഘത്തിനായി കൊളത്തൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.45-ഓടെയാണ് സംഭവം. ഷാപ്പിലെത്തിയ രണ്ടുപേർ കള്ള് കുടിച്ച ശേഷം പണം നൽകാനെന്ന വ്യാജേന ഉടമയുടെ അടുത്തേക്ക് എത്തി. ഇതിനിടെ ഒരാൾ കറിവെപ്പുകാരനെ അടുക്കളയിൽ കൊണ്ടുപോയി പൂട്ടിയിട്ടു. ഈ സമയം മറ്റേയാൾ ദാമോദരന്റെ കഴുത്തിലെ എട്ട് പവൻ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പിടിച്ചുപറിക്കുന്നത് തടയാൻ ശ്രമിച്ച ദാമോദരനെ പ്രതികൾ തള്ളിയിട്ടു. വീഴ്ചയിൽ ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. മാലയ്ക്ക് പുറമെ മേശപ്പുറത്തിരുന്ന 10,000 രൂപയുടെ മൊബൈൽ ഫോണും സംഘം കവർന്നു. ആകെ 8.10 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞതായി കൊളത്തൂർ പോലീസ് അറിയിച്ചു. കൂടെയുണ്ടായിരുന്ന രണ്ടാമനെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. പരിക്കേറ്റ ദാമോദരൻ ചികിത്സയിലാണ്.



