കാട്ടാക്കട KSRTC ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ആക്രമിച്ചു…. സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട KSRTC ബസ് സ്റ്റാൻഡിനുള്ളിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ക്രിമിനൽ പശ്ചാത്തലമുള്ള പന്നിയോട് സ്വദേശി ബ്രൂസ്‍ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചത്. ഷിബുവിനെതിരെ പോലീസ് കേസെടുത്തു.
KSRTC സ്റ്റാൻഡിലെ പ്രധാന ഓഫീസിന് പിൻവശത്തുള്ള ബെഞ്ചിൽ ഉറങ്ങിക്കിടക്കുകയായിരുന്നു സ്ത്രീ. ഈ സമയത്ത് അവിടെയെത്തിയ പ്രതി ഇവരെ പീഡിപ്പിക്കുകയായിരുന്നു. രാവിലെ അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സ്റ്റാൻഡിനുള്ളിൽ നടന്ന പീഡന വിവരം പുറംലോകമറിയുന്നത്. നേരത്തെയും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ബ്രൂസ്‍ലി ഷിബുവാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. KSRTC അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിലുള്ള പ്രതിയെ പിടികൂടാനായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. തിരക്കേറിയ പൊതുസ്ഥലത്ത് നടന്ന ഈ സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.



