‘കണ്ണേ കരളേ വിഡിഎസ്സേ, മുത്തേ മുത്തേ മണി മുത്തേ…’; സതീശനെ മുഖ്യമന്ത്രിയാക്കണം; നാടാകെ പ്രകടനം

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രകടനം. എറണാകുളത്ത് നെട്ടൂരിലായിരുന്നു അദ്യ പ്രകടനം നടന്നത്. അതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ജില്ലയായ കണ്ണൂരിലടക്കം സതീശന്‍ അനുകൂല പ്രകടനം നടന്നു.

സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നൂറ് കണക്കിന് പ്രവര്‍ത്തകരാണ് തെരുവിലറങ്ങിയത്. വിഡി സതീശന്റെ കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡും പോസ്റ്ററുകളും ഏന്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രകടനം. പടനയിച്ചവന്‍ നാട് നയിക്കട്ടെയെന്നായിരുന്നു പോസ്റ്റര്‍. മറ്റാര് മുഖ്യമന്ത്രിയായാലും അംഗീകരിക്കില്ലെന്ന് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുത്തേ മുത്തേ മണി മുത്തേ, കണ്ണേ കരളേ വിഡിഎസ്സേ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും പ്രവര്‍ത്തകര്‍ മുഴക്കി. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ അത് ജനങ്ങളോട് ചെയ്യുന്ന ചതിയാകുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. നിലപാട് എടുക്കുന്നവനെയാകണം മുഖ്യമന്ത്രിയാക്കേണ്ടത്. പണിയെടുത്തവനാണ് കൂലി കൊടുക്കേണ്ടതെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ജനവികാരം മാനിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രവിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തിനായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു. മൂന്ന് നേതാക്കളുടെയും അനുയായികള്‍ സമൂഹമാധ്യമങ്ങളിലടക്കം പരസ്യമായി രംഗത്തുവന്നു. മുഖ്യമന്ത്രിയെ കണ്ടെത്താന്‍ എഐസിസി നിരീക്ഷകരായ അജയ് മാക്കനും, മുകുള്‍ വാസ്‌നിക്കും സംസ്ഥാനത്തെത്തി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിന്നാലെ ഘടകക്ഷി നേതാക്കളെയും കണ്ടു. 102 സീറ്റ് നേടിയാണ് ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടിയത്.

Related Articles

Back to top button