വന്ദേമാതരം ഇനി ജനഗണമനയ്ക്ക് തുല്യം; ബംഗാൾ വിജയത്തിന് പിന്നാലെ തീരുമാനവുമായി കേന്ദ്രം

ദേശീയഗീതമായ ‘വന്ദേമാതര’ത്തിന് ദേശീയഗാനമായ ‘ജനഗണമന’യ്ക്കുള്ള തുല്യമായ പദവി നൽകാനുള്ള നിർദേശത്തിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ. പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പശ്ചിമ ബംഗാളിലെ ചരിത്രവിജയത്തിൽ മന്ത്രിമാർ പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തു.
നിലവിൽ ദേശീയ ഗാനത്തിന് നൽകുന്ന അതേ നിയമ പരിരക്ഷ വന്ദേമാതരത്തിനും ഉറപ്പാക്കുന്നതിനായി ‘ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയൽ നിയമത്തിൽ’ ഭേദഗതി വരുത്താൻ സർക്കാർ അംഗീകാരം നൽകി. ഇതുപ്രകാരം വന്ദേമാതരം ആലപിക്കുമ്പോൾ തടസ്സപ്പെടുത്തുന്നതോ അപമാനിക്കുന്നതോ ആയ പ്രവൃത്തികൾ ജാമ്യമില്ലാ കുറ്റമായി കണക്കാക്കും.പുതിയ ഭേദഗതിയിലൂടെ ദേശീയ ഗാനമായ ജനഗണമനയ്ക്ക് ലഭിക്കുന്ന അതേ നിയമപരമായ ആദരവും സംരക്ഷണവും ഇനി മുതൽ വന്ദേമാതരത്തിനും ലഭിക്കും. ദേശീയ ഗാനത്തെ അപമാനിക്കുന്നവർക്ക് നിലവിലുള്ള മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷാ വ്യവസ്ഥകൾ വന്ദേമാതരത്തിനും ബാധകമാണ്. കുറ്റം ആവർത്തിക്കുന്നവർക്ക് കുറഞ്ഞത് ഒരു വർഷവും തടവ് ശിക്ഷ ലഭിക്കും.
വന്ദേമാതരത്തിന്റെ 150-ാം വാർഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാണ് ഈ തീരുമാനം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ പാർലമെന്റിൽ നടന്ന ചർച്ചയിലും വന്ദേമാതരത്തിന് തുല്യ പദവി നൽകണമെന്ന ആവശ്യം ഉയർന്നിരുന്നു.



