തമിഴ്‌നാട്ടിൽ വിജയ് യുഗം… കോൺഗ്രസിന്റെയും എഡിഎംകെയുടെയും പിന്തുണയോടെ നാളെ സത്യപ്രതിജ്ഞ

തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ അധികാരമേൽക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ ലോക്ഭവനിലെത്തി കണ്ട് അദ്ദേഹം സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു. നാളെ രാവിലെ 11:30-ന് നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തേക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമായ 118 എന്ന മാജിക് നമ്പറിൽ എത്തിയിരുന്നില്ല.
47 സീറ്റുകൾ നേടിയ എഐഎഡിഎംകെയും 5 സീറ്റുകൾ നേടിയ കോൺഗ്രസും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണത്തിലേക്കുള്ള വഴി തെളിഞ്ഞു. ഇതോടെ സഭയിൽ വിജയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉറപ്പായി. ഡിഎംകെ ബന്ധം ഉപേക്ഷിച്ചാണ് കോൺഗ്രസ് വിജയ്ക്കൊപ്പം ചേർന്നത്. എൻഡിഎ സഖ്യം ഉപേക്ഷിച്ചാണ് എഐഎഡിഎംകെ പിന്തുണ നൽകിയത്. തിരഞ്ഞെടുപ്പിന് മുൻപ് എഡിഎംകെ മുന്നണിയിൽ നിന്ന് വിജയ്ക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും സീറ്റ് വിഭജനത്തിലെ തർക്കത്തെത്തുടർന്ന് ഒറ്റയ്ക്ക് മത്സരിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്.
അന്ന് 90 സീറ്റും മുഖ്യമന്ത്രി പദവും വിജയ് ആവശ്യപ്പെട്ടപ്പോൾ എഡിഎംകെ 40 സീറ്റും ഉപമുഖ്യമന്ത്രി പദവുമാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഒറ്റയ്ക്ക് മത്സരിച്ച് 108 സീറ്റുകൾ നേടിയ വിജയ്, ഇപ്പോൾ എഡിഎംകെയുടെ പിന്തുണയോടെ മുഖ്യമന്ത്രി കസേരയിൽ എത്തുമ്പോൾ അത് രാഷ്ട്രീയ വിജയമായി മാറുകയാണ്. പുതിയ സഖ്യകക്ഷികളായി എത്തിയ നേതാക്കളെ വിജയ് പനയൂരിലെ ആസ്ഥാനത്ത് വെച്ച് ഷാൾ അണിയിച്ച് സ്വീകരിച്ചു. തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് ഈ സത്യപ്രതിജ്ഞ വഴിയൊരുക്കുന്നത്.



