തൃശ്ശൂരിലെ ‘സുരേഷ് ഗോപി തരംഗം’ അവസാനിച്ചോ? രണ്ട് വർഷത്തിനിടെ എൻ.ഡി.എയ്ക്ക് നഷ്ടമായത് രണ്ട് ലക്ഷം വോട്ടുകൾ

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ പിടിച്ചെടുത്ത സുരേഷ് ഗോപിയുടെ ‘വ്യക്തിപ്രഭാവം’ മങ്ങുകയാണോ എന്ന ചോദ്യമുയർത്തി പുതിയ കണക്കുകൾ. രണ്ട് വർഷത്തെ കാലയളവിനുള്ളിൽ ജില്ലയിൽ ബി.ജെ.പിക്ക് രണ്ട് ലക്ഷത്തോളം വോട്ടുകൾ കുറഞ്ഞതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്.

2019-ൽ യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽ, 2024-ൽ സുരേഷ് ഗോപി 74,686 വോട്ടുകൾക്കാണ് അട്ടിമറി വിജയം നേടിയത്. പരാജയപ്പെട്ടപ്പോഴും മണ്ഡലത്തിൽ സജീവമായി നിന്ന അദ്ദേഹത്തിന്റെ സ്വാധീനത്തെ ‘സുരേഷ് ഗോപി ഇഫക്ട്’ എന്ന് രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ചില പെരുമാറ്റങ്ങളും പ്രസ്താവനകളും വിപരീത ഫലമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.

ഒരു ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാൻ സാധിച്ചതിലൂടെ കൂടുതൽ നിയമസഭാ മണ്ഡലങ്ങൾ നേടിയെടുക്കാമെന്ന് മുന്നണി കരുതിയെങ്കിലും പിന്നീട് ‘ഇഫക്ട്’ മാറിമറിഞ്ഞു. ജയിച്ച് കേന്ദ്രമന്ത്രിയായശേഷം സുരേഷ് ഗോപിയുടെ ചില വാക്കുകളും പ്രയോഗങ്ങളും പ്രവർത്തനങ്ങളും ജനങ്ങൾക്കുമാത്രമല്ല ബി.ജെ.പി.ക്കുപോലും അസഹനീയമായി.

പ്രതിച്ഛായ വർധിപ്പിക്കാനും തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനുമായി സുരേഷ് ഗോപിയെ രംഗത്തിറക്കിയെങ്കിലും വിപരീതഫലമായിരുന്നു. ഗ്രാമീണരെ സ്വാധീനിക്കാനായി നടത്തിയ കലുങ്ക് ചർച്ചയിൽ സഹായം അഭ്യർഥിച്ചെത്തിയ വയോധികനെ അപമാനിച്ചെന്ന ആരോപണം പാർട്ടിയെയും തദ്ദേശ സ്ഥാനാർഥികളെയും ക്ഷീണിപ്പിച്ചു.

സുരേഷ് ഗോപിയുടെ ഓരോ പാളിച്ചയും യു.ഡി.എഫും എൽ.ഡി.എഫും ആയുധമാക്കി. ഇടത്തട്ടുകാരെ ആകർഷിക്കാനായി സംഘടിപ്പിച്ച എസ്.ജി. കോഫി ടൈംസ് എന്ന പരിപാടിയും പാളി.

2019-ൽ ലോക്‌സഭയിലേക്ക് തൃശ്ശൂരിൽ മത്സരിച്ച സുരേഷ് ഗോപിയുടെ വോട്ടുശതമാനം 28.19 ആയിരുന്നു. ജില്ലയിൽ എൻ.ഡി.എ. അന്ന് നേടിയ വോട്ട് 3,36,746. 2024-ൽ വോട്ടുശതമാനം 37.80 ആക്കിയാണ് സുരേഷ് ഗോപി ജയിച്ചത്.

2024-ൽ ജില്ലയിൽ എൻ.‍ഡി.എ. നേനടിയ വോട്ട് 5,55,007. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. ജില്ലയിൽ നേടിയത് 3,96,808 വോട്ടാണ്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാകട്ടെ എൻ.ഡി.എ.യുടെ വോട്ട് 3,55,757 ആയി. രണ്ടുവർഷത്തിനിടെ രണ്ടു ലക്ഷം വോട്ടാണ് കുറഞ്ഞത്.

Related Articles

Back to top button