അവള്‍ ചത്തുകഴിഞ്ഞാല്‍ ബാക്കി നോക്കാം’; പലവട്ടം തല ഭിത്തിയില്‍ ഇടിപ്പിച്ചു; ബംഗളൂരുവില്‍ മര്‍ദ്ദമേറ്റ് മരിച്ച യുവതി നേരിട്ടത് ക്രൂരപീഡനം

ബംഗളൂരുവില്‍ തെരുവുനായ്ക്കളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍ ജോലിക്കെത്തിയ മലയാളി യുവതി മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ മര്‍ദിച്ച ബംഗളൂരു സുളിബെലെയില്‍ താമസിക്കുന്ന മലയാളിയായ ദീപക് കൃഷ്ണയുടെ മോശം പെരുമാറ്റം സഹിക്കാന്‍ വയ്യാതെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ നാല്‍പ്പത്തിയേഴുകാരിയും കൂടെയുള്ളവരും തീരുമാനിച്ചതാണ് പ്രതിയുടെ പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുവതിയെ താന്‍ ഉപദ്രവിച്ചിട്ടുണ്ടെന്നും ‘അവള്‍ ചത്തുകഴിഞ്ഞാല്‍ ബാക്കി നോക്കാം’ എന്നും പറയുന്ന ദീപക് കൃഷ്ണന്‍ അയച്ച ഭീഷണി സന്ദേശം യുവതിയുടെ ഭര്‍ത്താവ് പൊലീസിനു കൈമാറിയിട്ടുണ്ട്.യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നു.

അബോധാവസ്ഥയിലായ യുവതിയെ ബംഗളൂരുവില്‍ നിന്ന് ഇന്നലെ വെന്റിലേറ്റര്‍ സംവിധാനമുള്ള ആംബുലന്‍സില്‍ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. കേസിലെ പ്രതിയായ ദീപക് കൃഷ്ണന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

തളിക്കുളത്തെ വീട്ടില്‍ 160 തെരുവുനായ്ക്കള്‍ക്ക് അഭയം നല്‍കുന്നവരായിരുന്നു മരിച്ച യുവതിയും ഭര്‍ത്താവും. ബംഗളൂരുവില്‍ ദീപക് കൃഷ്ണന്‍ തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ നടത്തുന്ന കേന്ദ്രത്തില്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞാണ് യുവതി താല്‍പര്യം പ്രകടിപ്പിച്ചത്. മാസം 40,000 രൂപ നല്‍കാമെന്നു ദീപക് വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ഏപ്രില്‍ 17നാണ് യുവതി ബംഗളൂരുവിലേക്കു പോയത്.

ബംഗളൂരുവില്‍ വലിയ പറമ്പിനു നടുവിലെ ചെറിയൊരു വീട്ടില്‍ 16 നായ്ക്കളാണുണ്ടായിരുന്നത്. തൃശൂരില്‍നിന്നു തന്നെയുള്ള മറ്റ് രണ്ട് പെണ്‍കുട്ടികളും യുവതിക്കൊപ്പം പോയിരുന്നു. എന്നാല്‍, ദീപക് മോശമായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ ജോലി മതിയാക്കുകയാണെന്ന് ഇവര്‍ അറിയിച്ചതായി യുവതിയുടെ ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.

ഇതോടെ ദീപക് യുവതികളെ ദേഹോപദ്രവമേല്‍പ്പിക്കാന്‍ തുടങ്ങി. നാട്ടിലേക്കു മടങ്ങുകയാണെന്ന് മേയ് മൂന്നിനു വൈകിട്ട് ഇവര്‍ ദീപക്കിനെ അറിയിച്ചതിനുപിന്നാലെ ഇയാള്‍ യുവതിയെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി. നിലത്തിട്ടു തലയില്‍ ചവിട്ടി. മുടിയില്‍ കുത്തിപ്പിടിച്ചു പലവട്ടം തല ഭിത്തിയില്‍ ഇടിപ്പിച്ചു. യുവതി അബോധാവസ്ഥയിലായപ്പോള്‍ മറ്റു രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം വീട്ടില്‍ പൂട്ടിയിട്ടു പുറത്തേക്കു പോയി. ഇവര്‍ പൊലീസിനെ അറിയിച്ചപ്പോള്‍ 2 പൊലീസുകാര്‍ അന്വേഷിച്ചെത്തി പൂട്ടു തുറന്ന് അകത്തു കയറി. എന്നാല്‍, പിന്നാലെ എത്തിയ ദീപക് മറ്റൊരു പൂട്ടിട്ട് പൊലീസുകാരെയടക്കം ഉള്ളിലിട്ടു പൂട്ടി. കൂടുതല്‍ പൊലീസ് സംഘമെത്തിയാണ് എല്ലാവരെയും പുറത്തെത്തിച്ചതും യുവതിയെ ആശുപത്രിയിലാക്കിയതെന്നും യുവതിയുടെ ഭര്‍ത്താവിന്റെ മൊഴിയില്‍ പറയുന്നു.

Related Articles

Back to top button