നാളെ സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വില കുത്തനെ ഉയർത്തിയതിനെതിരെ സംസ്ഥാനത്ത് നാളെ (മേയ് 6) ഹോട്ടലുകൾ 24 മണിക്കൂർ പണിമുടക്കും. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആണ് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്.

ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ചതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില ഇപ്പോൾ 3085 രൂപ ആയി ഉയർന്നിരിക്കുകയാണ്. ഈ വർധനവ് ഹോട്ടൽ വ്യവസായത്തിനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് എന്നാണ് അസോസിയേഷന്റെ ആരോപണം.

വിലക്കയറ്റം, ഉയർന്ന വാടക, തൊഴിലാളികളുടെ കൂലി വർധന എന്നിവയെല്ലാം ചേർന്ന് ഹോട്ടൽ മേഖല ഇതിനകം തന്നെ പ്രതിസന്ധിയിലാണെന്ന് സംഘടന വ്യക്തമാക്കി. ഇതിന് പുറമെ സിലിണ്ടർ ക്ഷാമം കൂടി പ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്.

നിലവിൽ സംസ്ഥാനത്ത് 50 ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും, ഈ സാഹചര്യത്തിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്നും അസോസിയേഷൻ അറിയിച്ചു.

വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം. ഹോട്ടൽ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും സംഘടന ആവശ്യപ്പെട്ടു.

Related Articles

Back to top button