ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി ചിന്താ ഫ്ലാറ്റിലേക്ക്… പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ല?….. പകരക്കാരനായി….

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിയുന്നു. നാളെ ക്ലിഫ് ഹൗസ് ഒഴിയുന്ന അദ്ദേഹം തിരുവനന്തപുരത്തെ ചിന്താ ഫ്ലാറ്റിലേക്കാണ് മാറുന്നത്. പി.ബി അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്ന ഫ്ലാറ്റിലെ മൂന്നാം നിലയിലുള്ള 3A, 3B മുറികൾ അദ്ദേഹത്തിനായി സജ്ജീകരിച്ചു കഴിഞ്ഞു.
പരാജയത്തിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം പിണറായി വിജയൻ ഏറ്റെടുത്തേക്കില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. തിരഞ്ഞെടുപ്പ് തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തവും നിലവിലെ ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം മാറി നിന്നേക്കും. പിണറായിക്ക് പകരം കേന്ദ്ര കമ്മിറ്റി അംഗം കെ.എൻ. ബാലഗോപാൽ പ്രതിപക്ഷ നേതാവാകാനാണ് കൂടുതൽ സാധ്യത. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ ധാരണയുണ്ടാകും. ബാലഗോപാൽ സന്നദ്ധനായില്ലെങ്കിൽ പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
പിണറായി വിജയൻ പാർലമെന്ററി രംഗത്ത് നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചാൽ അത് കേരളത്തിലെ സി.പി.എമ്മിൽ വലിയൊരു തലമുറമാറ്റത്തിന് വഴിവെക്കും. ഭരണത്തുടർച്ചയ്ക്ക് ശേഷം നേരിട്ട ഈ വൻ തകർച്ചയിൽ നിന്ന് പാർട്ടിയെ കരകയറ്റുക എന്ന വലിയ ദൗത്യമാകും പുതിയ പ്രതിപക്ഷ നേതാവിനെ കാത്തിരിക്കുന്നത്.



