കുന്നംകുളത്തെ കണ്ണീർ തിരുവനന്തപുരത്ത് മാഞ്ഞു….. സി.പി. ജോണിന് തിളക്കമാർന്ന വിജയം…. യു.ഡി.എഫിന്റെ സാമ്പത്തിക തലച്ചോറ് ഇനി നിയമസഭയിൽ

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിലേറെക്കാലം യു.ഡി.എഫിന്റെ ആശയരൂപീകരണത്തിൽ നിഴലായി നിന്ന സി.പി. ജോൺ ഒടുവിൽ നിയമസഭയുടെ പടികയറുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ എൻ.ഡി.എയും എൽ.ഡി.എഫും ഉയർത്തിയ കടുത്ത വെല്ലുവിളിയെ 9,863 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മറികടന്നാണ് സി.എം.പി നേതാവ് ഈ ചരിത്രവിജയം സ്വന്തമാക്കിയത്. തീരദേശ മേഖലയിലെ പ്രശ്നങ്ങളും നഗര വികസനത്തിലെ മുരടിപ്പും ഉയർത്തിക്കാട്ടിയുള്ള പ്രചാരണം വോട്ടർമാരെ സ്വാധീനിച്ചു. തീരദേശ ജനതയുടെ പിന്തുണയും യു.ഡി.എഫ് തരംഗവുമാണ് സി.പി. ജോണിന് തുണയായത്. മുമ്പ് കുന്നംകുളത്ത് രണ്ട് തവണ പരാജയപ്പെട്ട ചരിത്രം തിരുത്തിക്കൊണ്ടാണ് തലസ്ഥാന നഗരിയിൽ അദ്ദേഹം വിജയക്കൊടി പാറിച്ചത്.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം, എം.വി. രാഘവനൊപ്പം സി.പി.ഐ.എം വിട്ട് സി.എം.പി രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവാണ്. വെറുമൊരു രാഷ്ട്രീയക്കാരൻ എന്നതിലുപരി മികച്ച സാമ്പത്തിക വിദഗ്ധൻ കൂടിയാണ് അദ്ദേഹം. യു.ഡി.എഫ് സർക്കാരുകളുടെ കാലത്ത് രണ്ട് തവണ സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിലും നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും സി.പി. ജോൺ എന്നും മുൻപന്തിയിലായിരുന്നു. തൃശൂർ കുന്നംകുളം സ്വദേശിയായ അദ്ദേഹം ഫിസിക്സിൽ ബിരുദവും നിയമബിരുദവും (LLB) കരസ്ഥമാക്കിയിട്ടുണ്ട്. മികച്ച വായനക്കാരനും എഴുത്തുകാരനുമായ അദ്ദേഹം രാഷ്ട്രീയ വിഷയങ്ങളിൽ അഗാധമായ അറിവുള്ള നേതാവാണ്.
തന്റെ സഹപ്രവർത്തകർ പലരും നേരത്തെ നിയമസഭയിലെത്തിയപ്പോഴും സി.പി. ജോണിന് അവസരം ലഭിച്ചിരുന്നില്ല. കോൺഗ്രസ്-മുസ്ലിം ലീഗ് നേതൃത്വങ്ങൾ നേരിട്ട് താല്പര്യമെടുത്താണ് ഇത്തവണ അദ്ദേഹത്തിന് തിരുവനന്തപുരം സീറ്റ് വിട്ടുനൽകിയത്. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ നിലവിൽ വരുമ്പോൾ, ഭരണപരമായ പരിചയസമ്പത്തുള്ള സി.പി. ജോൺ നിർണ്ണായകമായ വകുപ്പുകൾ കൈകാര്യം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു.



