പുതുപ്പള്ളിയിൽ ആധിപത്യം തുടർന്ന് ചാണ്ടി ഉമ്മൻ; ലീഡ് നില ഇരുപതിനായിരം കടന്നു

പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വ്യക്തമായ മേൽക്കൈ നേടി കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ. വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ തന്നെ ചാണ്ടി ഉമ്മന്റെ ലീഡ് 21,691 വോട്ടുകൾ കടന്നിരിക്കുകയാണ്. ആകെ 15 റൗണ്ടുകളാണ് എണ്ണാനുള്ളത്.

അഞ്ച് പതിറ്റാണ്ടിലേറെയായി ഉമ്മൻ ചാണ്ടി എന്ന ഒരേയൊരു നേതാവിനെ മാത്രം നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള മണ്ഡലമാണിത്. 2023ൽ അദ്ദേഹത്തിന്റെ വേർപാടിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി കോട്ട കാത്തു. 1970 മുതൽ 2023 വരെ തുടർച്ചയായി 53 വർഷമാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഒരു മണ്ഡലത്തിൽ നിന്ന് ഇത്രയധികം കാലം ജയിച്ച മറ്റൊരു നേതാവില്ല. 2006ൽ സിപിഎമ്മിന്റെ സിന്ധു ജോയിക്ക് എതിരെ 20,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്. തുടർന്ന് 2011ൽ എൽഡിഎഫ് സ്ഥാനാർത്ഥി സുജ സൂസൻ ജോർജിനെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തി. ഇത് പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോർഡ് ഭൂരിപക്ഷമായിരുന്നു. 2016ൽ എൽഡിഎഫിന്റെ ജെയ്ക്ക് സി തോമസാണ് കളത്തിലിറങ്ങിയത്. എന്നാൽ, 27,092 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി വിജയിച്ചു.

2021ൽ വീണ്ടും ജെയ്ക്ക് സി തോമസ് തന്നെയാണ് ഉമ്മൻ ചാണ്ടിയോട് നേർക്കുനേർ ഏറ്റുമുട്ടിയത്. അന്ന് സംസ്ഥാന വ്യാപകമായി അലയടിച്ച ഇടത് തരംഗത്തിൽ ഉമ്മൻ ചാണ്ടി തെല്ലൊന്ന് വിയർത്തു. എങ്കിലും ജെയ്ക്കിനെ 9,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ ഉമ്മൻ ചാണ്ടി മണ്ഡലം നിലനിർത്തി. പിന്നീട് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥിയായി. പുതുപ്പള്ളിയിലെ ജനങ്ങൾ തങ്ങളുടെ പ്രിയ നേതാവിനോടുള്ള ആദരവും സ്നേഹവും ബഹുമാനവുമെല്ലാം അതിൻറെ അങ്ങേയറ്റം തുറന്ന് കാണിച്ച വൈകാരികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇടത് സ്ഥാനാർത്ഥിയായ ജെയ്ക്ക് സി തോമസിനെ 37,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി ചാണ്ടി ഉമ്മൻ മണ്ഡലം കാത്തു. പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്ന തന്റെ പിതാവിന്റെ റെക്കോർഡ് ചാണ്ടി ഉമ്മൻ തിരുത്തിക്കുറിക്കുകയും ചെയ്തു.

കഴിഞ്ഞ തവണ ഓടിനടന്ന് പ്രചാരണവുമായി മുന്നോട്ടുപോകുന്ന ചാണ്ടി ഉമ്മനെയാണ് കണ്ടിരുന്നതെങ്കിൽ ഇത്തവണ സൈക്കിളിലാണ് അദ്ദേഹം ജനങ്ങളെ കണ്ടച്. മാത്രമല്ല, ഫ്ലക്സുകളും ബാനറുകളും പോസ്റ്ററുകളുമെല്ലാം ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ പ്രചാരണമെന്നതും ശ്രദ്ധേയമാണ്. ചെലവ് ചുരുക്കിയുള്ള പ്രചാരണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പുതുപ്പള്ളിയിൽ വീടില്ലാത്തവർക്ക് വീട് വെച്ചു നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button