തലസ്ഥാനത്ത് മൊബൈൽ ഫോൺ കവർച്ചാ സംഘം പിടിയിൽ…. റൗഡി ലിസ്റ്റിലുള്ള പ്രതിയടക്കം അഞ്ചുപേർ കുടുങ്ങി

തിരുവനന്തപുരം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മൊബൈൽ ഫോൺ കവർച്ചാ കേസുകളിൽ അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ്, കന്റോൺമെന്റ് സ്റ്റേഷൻ പരിധികളിലായി നടന്ന രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് പ്രതികൾ പിടിയിലായത്. ഞായറാഴ്ച രാത്രി 11:15-ഓടെ കഴക്കൂട്ടം സ്വദേശിയായ യുവാവിനെ ആക്രമിച്ച് ഫോൺ തട്ടിയെടുത്ത കേസിലാണ അറസ്റ്റ്. രാജാജി നഗർ സ്വദേശികളായ സൂരജ് (24), വിവേക് (30) എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ സൂരജ് കന്റോൺമെന്റ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കുപ്രസിദ്ധ പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കാഞ്ഞിരംപാറയിലെ ഒരു ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ ഇരിക്കുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ച് ഫോൺ കവരുകയായിരുന്നു. ഇന്നലെ അർധരാത്രി 12:15-ഓടെയാണ് സംഭവം നടന്നത്. 1.25 ലക്ഷം രൂപ വിലവരുന്ന വിലകൂടിയ മൊബൈൽ ഫോണാണ് സംഘം തട്ടിയെടുത്തത്. പുളിയറക്കോണം സ്വദേശി ആദർശ് (24), പിടിപി നഗർ സ്വദേശി അഭിലാഷ് (34), വാഴോട്ടുകോണം സ്വദേശി നൗഫൽ (25) എന്നിവരെ വട്ടിയൂർക്കാവ് പൊലീസ് പിടികൂടി. രാത്രികാലങ്ങളിൽ നഗരത്തിൽ അക്രമങ്ങളും കവർച്ചകളും വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. പിടികൂടിയ പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button