വോട്ടെണ്ണൽ സൂപ്പർവൈസർമാരുടെ നിയമനം…. തൃണമൂലിന്റെ വാദങ്ങൾ തള്ളി സുപ്രീം കോടതി

പശ്ചിമബംഗാളിൽ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ മാത്രം നിയമിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിച്ച കോടതി, കമ്മീഷൻ ഉത്തരവിൻ്റെ അന്തഃസത്ത പാലിക്കണമെന്ന് നിർദേശിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
വോട്ടെണ്ണൽ സൂപ്പർവൈസർമാരായി സംസ്ഥാന സർക്കാർ ജീവനക്കാരെ പൂർണ്ണമായി ഒഴിവാക്കിയെന്നും കേന്ദ്രസർക്കാർ ജീവനക്കാരെ മാത്രം നിയമിച്ചെന്നും തൃണമൂൽ വാദിച്ചു. ഇത് ഭരണഘടന വിരുദ്ധവും ആനുപാതികതയ്ക്ക് വിരുദ്ധവുമാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. കൗണ്ടിംഗ് ഏജൻ്റുമാർ ഉൾപ്പടെയുളളവർ ഓരോ ടേബിളിലും ഉണ്ടെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിൽ തെറ്റില്ലെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ താല്പര്യങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും കോടതി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങൾ രേഖപ്പെടുത്തിയ ശേഷമാണ് കോടതി ഹർജി തീർപ്പാക്കിയത്. കേന്ദ്ര ജീവനക്കാരെ നിയോഗിച്ചതിലൂടെ തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായിരിക്കുമെന്നും കോടതി വിലയിരുത്തി.



