സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന് ദിലീപിന്റെ ചിത്രം മാറ്റി

സപ്ലൈകോ പരസ്യത്തില്‍ നിന്ന് നടന് ദിലീപിന്റെ ചിത്രം മാറ്റി. വിഷയം മന്ത്രി ജി ആര് അനിലിന്റെ ശ്രദ്ധയില്പ്പെട്ടത്തിന് പിന്നാലെ ദിലീപിനെ ഉള്‍പ്പെടുത്തിയുള്ള പരസ്യം നീക്കം ചെയ്യാന്‍ മന്ത്രി സപ്ലൈകോയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
അതിജീവിതയ്ക്കൊപ്പം എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമ്പോഴാണ് ഇത്തരമൊരു പരസ്യം സപ്ലൈകോ പുറത്തിറക്കിയതെന്ന വിമര്‍ശനം ശക്തമായിരുന്നു. ‘അരിക്കും പഞ്ചസാരയ്ക്കും, വെളിച്ചെണ്ണയ്ക്കും സപ്ലൈകോയിലാണ് വിലക്കുറവ് എന്നറിയില്ലെങ്കില്‍ എത്ര ഓണം ഉണ്ടിട്ടെന്താ’ എന്നതായിരുന്നു പരസ്യവാചകം. ഇതിനൊപ്പം ദിലീപിൻ്റെ ചിത്രവും നൽകിയിരുന്നു.
അതേസമയം ഇത്തരമൊരു പരസ്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രി ജി ആര് അനില്‍ പറഞ്ഞത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ പരസ്യം പിന്‍വലിക്കണമെന്ന് മന്ത്രി സപ്ലൈകോയോട് ആവശ്യപ്പെടുകയും ചെയ്തു. മന്ത്രി നിര്‍ദ്ദേശം നല്കി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പരസ്യം ഒഴിവാക്കി. നടിയെ ആക്രമിച്ച കേസില്‍ കീഴ്ക്കോടതി വിധി വന്നതിന് പിന്നാലെ അപ്പീല്‍ നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇത്തരമൊരു പരസ്യം നല്ല സന്ദേശമല്ല നല്‍കുന്നതെന്ന സാഹചര്യത്തില്‍ കൂടിയാണ് നടപടി.



