30 ആഴ്ചയായ ഭ്രൂണം നശിപ്പിക്കാൻ അനുമതി…. സുപ്രീംകോടതി വിധിക്കെതിരെ സിബിസിഐ

ന്യൂഡൽഹി: 30 ആഴ്ച പ്രായമായ ഭ്രൂണം നശിപ്പിക്കാൻ സുപ്രീംകോടതി നൽകിയ അനുമതിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കത്തോലിക്കാ മെത്രാൻ സമിതി (CBCI). പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് മാനവികതയ്ക്ക് എതിരായ കുറ്റകൃത്യമാണെന്ന് സഭ വ്യക്തമാക്കി. വിഷയത്തിൽ സർക്കാരും സുപ്രീംകോടതിയും ജനങ്ങളും അടിയന്തരമായി ഇടപെടണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.
ഭ്രൂണം നശിപ്പിക്കാനുള്ള നടപടികളുമായി എയിംസിലെയും രാജ്യത്തെയും ഡോക്ടർമാർ സഹകരിക്കരുതെന്ന് സഭ അഭ്യർത്ഥിച്ചു. ഗർഭച്ഛിദ്രം ഒഴിവാക്കണമെന്നും പൂർണ്ണരൂപത്തിലെത്തിയ കുഞ്ഞിനെ കൊല്ലുന്നത് ന്യായീകരിക്കാനാവില്ലെന്നും സഭ പ്രസ്താവനയിൽ പറഞ്ഞു. ഗർഭിണിയായ പെൺകുട്ടിക്കും ജനിക്കാനിരിക്കുന്ന കുഞ്ഞിനും സഭയുടെ ആശുപത്രികൾ, ശിശു സംരക്ഷണ കേന്ദ്രങ്ങൾ, അനാഥാലയങ്ങൾ എന്നിവ വഴി പൂർണ്ണ സംരക്ഷണം നൽകാൻ തയ്യാറാണെന്ന് സിബിസിഐ അറിയിച്ചു.
ഡൽഹിയിൽ ബലാത്സംഗത്തിനിരയായി ഗർഭിണിയായ 15 വയസ്സുകാരിയുടെ ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി വന്നത്. ആഗ്രഹിക്കാത്ത ഗർഭധാരണം ഒരു പെൺകുട്ടിയുടെ മേൽ അടിച്ചേൽപ്പിക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പെൺകുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിഗണിച്ചാണ് 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്.



