നിതിൻ രാജിന്റെ മരണം… അന്വേഷണം ക്രൈംബ്രാഞ്ചിന്… അധ്യാപകരുടെ പീഡനവും ലോൺ ആപ്പ് തട്ടിപ്പും ഒരുമിച്ച് അന്വേഷിക്കും

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ച് ഡിജിപിയാണ് ഉത്തരവിറക്കിയത്. കോളേജ് അധ്യാപകരുടെ മാനസിക പീഡനവും ആത്മഹത്യയിലേക്ക് നയിച്ച ലോൺ ആപ്പ് ഭീഷണിയും ഇനി ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും.
വകുപ്പ് മേധാവി ഡോ. എം.കെ. റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ കുടുംബത്തോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് ഡോ. എം.കെ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തിരുന്നു. സംഭവത്തിന് പിന്നാലെ അധ്യാപകരെ സസ്പെൻഡ് ചെയ്യുകയും ഡോ. റാമിനെ മാനേജ്മെന്റ് കോളേജിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് ഉത്തരേന്ത്യൻ സ്വദേശികളെ സൈബർ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ നോയിഡയിലെ ഓഫീസിൽ നിന്ന് വൻതോതിൽ സിം കാർഡുകളും സിം ബോക്സുകളും പിടിച്ചെടുത്തിരുന്നു.
ഏപ്രിൽ പത്തിന് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയാണ് നിതിൻ ജീവനൊടുക്കിയത്. അധ്യാപകരുടെ പീഡനത്തിനൊപ്പം ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയും വിദ്യാർത്ഥിയെ സമ്മർദ്ദത്തിലാക്കിയെന്നാണ് കണ്ടെത്തൽ. കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയ്ക്കിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്.



