പൊന്നാനി ഹാർബറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം… കൊലപാതകമെന്ന് തെളിഞ്ഞു; ഭർത്താവ് പിടിയിൽ

മലപ്പുറം: പൊന്നാനി ഹാർബർ പരിസരത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. രായിമരക്കാർ വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് മുഹമ്മദിനെ പരപ്പനങ്ങാടി റെയിൽവേ ട്രാക്കിന് സമീപത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് മുഹമ്മദ് പൊലീസിനോട് സമ്മതിച്ചു. കൃത്യത്തിന് ശേഷം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ബുധനാഴ്ച രാവിലെയാണ് പൊന്നാനി ഹാർബറിന് സമീപം ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ഫാത്തിമയെ ഹാർബർ പരിസരത്ത് കണ്ടിരുന്നതായി നാട്ടുകാർ മൊഴി നൽകിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് തിരൂർ ഡിവൈഎസ്പി സിദ്ധിഖ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ടവർ ലൊക്കേഷനും പരിശോധിച്ച പൊലീസ് പ്രതിക്കായി വലവിരിക്കുകയായിരുന്നു.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, മുഹമ്മദിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകം നടന്ന രീതിയെക്കുറിച്ചും കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.



