സമരക്കാരെ തടവിലാക്കിയത് അന്യായമെന്ന് കൊടിക്കുന്നിൽ സുരേഷ്…. കേസെടുക്കാൻ മാത്രമുള്ള ഒന്നും നടന്നില്ലെന്ന് വിമർശനം

തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണ വിജയമായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. കേരളം പോലുള്ള ഒരു പുരോഗമന സംസ്ഥാനത്ത് ഇന്നും ജാതീയമായ അധിക്ഷേപങ്ങളും നിറത്തിന്റെ പേരിലുള്ള അവഗണനകളും തുടരുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഹർത്താൽ ദിനത്തിൽ വാഹനങ്ങൾ തടയുകയോ കടകൾ അടപ്പിക്കുകയോ മാത്രമാണ് ചെയ്തതെന്നും മുൻകാല സമരങ്ങളെ അപേക്ഷിച്ച് സമാധാനപരമായിരുന്നു ഇതെന്നും എംപി ചൂണ്ടിക്കാട്ടി. പൊതുമുതൽ നശിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രിയിൽ പോകേണ്ടവർക്കും മറ്റും സൗകര്യം ഒരുക്കാൻ പൊലീസിന് സാധിക്കുമായിരുന്നിട്ടും സമരക്കാരെ അടിച്ചമർത്താനാണ് അവർ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.
നിതിൻ രാജിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സംസ്ഥാന പൊലീസിന്റെ അന്വേഷണം പോരാ. കേന്ദ്ര അന്വേഷണ ഏജൻസികൾ കേസ് ഏറ്റെടുക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയ വിവേചനം അവസാനിപ്പിക്കാൻ കർണാടക മാതൃകയിൽ ‘രോഹിത് വെമുല ആക്ട്’ കേരളത്തിലും നടപ്പാക്കണം. ക്യാമ്പസുകളിലെ വിവേചനങ്ങളെക്കുറിച്ച് പഠിക്കാൻ റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണം.
ദളിത് വിദ്യാർത്ഥികളുടെ ഗ്രാന്റുകളുടെ ലഭ്യതക്കുറവും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന സാഹചര്യവും ഗൗരവമായി പരിശോധിക്കണം. നിതിൻ രാജിന് നീതി ലഭിക്കും വരെ പ്രതിഷേധങ്ങൾ തുടരുമെന്നും, ജാതീയ വിവേചനങ്ങൾക്കെതിരെ നിയമസഭയും സർക്കാരും കർശനമായ നിയമനിർമ്മാണത്തിന് തയ്യാറാകണമെന്നും കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.



