ഗുരുവായൂരിൽ ‘തീവ്രവാദി’ എത്തിയെന്ന വാർത്തകൾ വ്യാജം… കശ്മീരി യുവാവിനെ ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് അയച്ചു… വ്യക്തത വരുത്തി ഡിജിപി

തൃശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് കശ്മീരി യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ നിലനിന്നിരുന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖർ. തീവ്രവാദി എന്ന പേരിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്നും ഇയാൾക്ക് യാതൊരുവിധ തീവ്രവാദ ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 21-നാണ് കശ്മീർ സ്വദേശിയായ മുഷ്താഖ് അഹമ്മദ് പണ്ഡിറ്റിനെ (45) ഗുരുവായൂർ ക്ഷേത്ര പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയത്. ഭക്തർ അറിയിച്ചതിനെ തുടർന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. കശ്മീർ പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലാണെന്നും നൗകാം പോലീസ് സ്റ്റേഷനിൽ ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ടെന്നും വ്യക്തമായി. വൈദ്യുതി വകുപ്പ് ജീവനക്കാരനായിരുന്ന ഇയാൾ, 2011-ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 12 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു തുടങ്ങിയത്.
തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മുഷ്താഖിനെ ഏറ്റെടുക്കാൻ കശ്മീർ പോലീസ് എസ്.ഐ രവീന്ദർ സിംഗും ബന്ധുവായ ഷബീർ അഹമ്മദ് പണ്ഡിറ്റും തൃശൂരിലെത്തി. കോടതി നിർദ്ദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇയാളെ നാട്ടിലേക്ക് കൊണ്ടുപോയി. ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ ഡിജിപി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. മാധ്യമങ്ങൾ ഇത്തരം സെൻസിറ്റീവ് ആയ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ പോലീസുമായി ബന്ധപ്പെട്ട് വസ്തുതകൾ ഉറപ്പുവരുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് ഇയാൾ ഗുരുവായൂരിൽ എത്തിയതെന്നും മറ്റ് ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ടെമ്പിൾ എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂർ അറിയിച്ചു.



