കോഴിക്കോട് മോർഫിംഗ് കേസ്…. സ്വന്തം ബന്ധുക്കളുടെ ചിത്രങ്ങളും മോർഫ് ചെയ്തു…. പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമമെന്ന് പരാതി

കോഴിക്കോട്: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകൾ വഴി വിൽപന നടത്തിയ സംഭവത്തിൽ കോഴിക്കോട് വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. അടുത്ത ബന്ധുക്കളുടെ അടക്കം ചിത്രങ്ങൾ ഇയാൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്തതായാണ് പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി 11 ഓളം ഫോൺ നമ്പറുകൾ ഉപയോഗിച്ചാണ് പ്രതി ടെലഗ്രാം, ഇൻസ്റ്റാഗ്രാം ഗ്രൂപ്പുകൾ പ്രവർത്തിപ്പിച്ചിരുന്നത്. പെൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളിൽ നിന്ന് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അശ്ലീല കണ്ടന്റുകൾ ഉൾപ്പെടുത്തി മോർഫ് ചെയ്താണ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചിരുന്നത്. ചിത്രങ്ങൾ വിൽക്കുന്നതിന് പുറമെ, സമാന സ്വഭാവമുള്ള മറ്റ് ഗ്രൂപ്പുകളുമായി ചിത്രങ്ങൾ കൈമാറുന്ന രീതിയും പ്രതി പിന്തുടർന്നിരുന്നു. സോഷ്യൽ മീഡിയ വഴി പെൺകുട്ടികൾക്ക് സ്ഥിരമായി ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ഇയാൾ അയച്ചിരുന്നതായി ഇരകൾ വെളിപ്പെടുത്തുന്നു.
ഗുരുതരമായ തെളിവുകൾ ലഭിച്ചിട്ടും നിതിൻ മോഹൻദാസിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പ്രതിക്ക് മാനസിക വെല്ലുവിളിയുണ്ടെന്ന് വരുത്തിത്തീർത്ത് കേസ് അട്ടിമറിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് പരാതിക്കാരിയായ സാന്ദ്ര സദാനന്ദൻ ആരോപിച്ചു. പ്രതിയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. രാമനാട്ടുകര സ്വദേശിനിയായ സാന്ദ്രയുടെ പരാതിയിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. കൂടുതൽ പെൺകുട്ടികൾ പരാതിയുമായി മുന്നോട്ട് വരുമെന്നാണ് സൂചന. ഇയാളുടെ മെയിൽ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകളുടെ വിവരങ്ങൾ പുറത്തുവന്നതോടെ അന്വേഷണം വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.



