ഹർത്താലിലെ അതിക്രമം…. ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിലെ അതിക്രമങ്ങളിൽ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജനജീവിതം തടസ്സപ്പെടുത്തരുതെന്ന് കർശന നിർദ്ദേശം നൽകിയ അവധിക്കാല ഡിവിഷൻ ബെഞ്ച്, സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ഇന്ന് തന്നെ സമർപ്പിക്കാനാണ് കോടതിയുടെ നിർദ്ദേശം.

ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും ഗതാഗത തടസ്സവും സംഘർഷവുമുണ്ടായ സാഹചര്യത്തിലാണ് കോടതി ഇടപെടൽ. ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് കോടതി നോട്ടീസ് അയച്ചു. പൗരസമൂഹം ഉൾപ്പെടെ അറുപതോളം സംഘടനകളുടെ പിന്തുണയോടെയാണ് ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (VITEE) എൻട്രൻസ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളെ ഹർത്താൽ സാരമായി ബാധിച്ചു. തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിന് മുന്നിൽ പോലീസും സമരക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി. കുണ്ടറയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി.

നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക, അവരെ സർവീസിൽ നിന്ന് പിരിച്ചുവിടുക, പ്രിൻസിപ്പൽ ഡോ. വിനോദ് മോനിയെ കേസിൽ പ്രതി ചേർക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷൻ കൗൺസിൽ മുന്നോട്ട് വെക്കുന്നത്. കോളേജിൽ നിരവധി ജാതി അധിക്ഷേപ പരാതികൾ ഉണ്ടായിട്ടും മാനേജ്‌മെന്റ് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമിതി ആരോപിച്ചു.

Related Articles

Back to top button