വിരുന്നിന് പിന്നാലെ തണ്ണിമത്തൻ കഴിച്ച ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ

ബന്ധുക്കൾക്കായി വീട്ടിൽ അത്താഴവിരുന്ന് സംഘടിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷം, സൗത്ത് മുംബൈയിലെ ഒരു കുടുംബത്തിലെ നാല് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നു. പൈധോണിയിലെ മോഗൾ ബിൽഡിംഗിൽ താമസിക്കുന്ന അബ്ദുല്ല ഡൊക്കാഡിയ (40), ഭാര്യ നസീം (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്.

വിഷാംശം ഉണ്ടോയെന്ന് പരിശോധിക്കാൻ കുടുംബം കഴിച്ച തണ്ണിമത്തൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി അബ്ദുല്ലയുടെ സഹോദരനും സഹോദരിയും ഉൾപ്പെടെ അഞ്ച് ബന്ധുക്കൾ ഇവരുടെ വീട്ടിൽ വിരുന്നിന് എത്തിയിരുന്നു. രാത്രി 10:30-ഓടെ ഒമ്പത് പേരും ഒന്നിച്ച് ഭക്ഷണം കഴിച്ചു. വിരുന്നിന് ശേഷം ബന്ധുക്കൾ മടങ്ങി. എന്നാൽ, പുലർച്ചെ ഒരു മണിയോടെ കുടുംബം വീട്ടിലുണ്ടായിരുന്ന തണ്ണിമത്തൻ കഴിച്ചിരുന്നു. പുലർച്ചെ 5:30-ഓടെ നാല് പേർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. ഉടനെ കുടുംബ ഡോക്ടറെ കാണിച്ചെങ്കിലും സ്ഥിതി വഷളായതിനെ തുടർന്ന് ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 10:15-ഓടെ ഇളയ മകൾ ആയിഷയാണ് ആദ്യം മരിച്ചത്. വൈകുന്നേരത്തോടെ മൂത്ത മകളും അമ്മ നസീമും മരണത്തിന് കീഴടങ്ങി. രാത്രി 10:30-ഓടെ അബ്ദുല്ലയും മരിച്ചു. സംഭവത്തിൽ ജെ. ജെ മാർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിക്കുന്നതിന് മുൻപ് അബ്ദുല്ല നൽകിയ മൊഴിയിൽ ഉറങ്ങുന്നതിന് മുൻപ് തണ്ണിമത്തൻ കഴിച്ചതായി പറഞ്ഞിരുന്നു.

അതേസമയം, ഒപ്പം ഭക്ഷണം കഴിച്ച ബന്ധുക്കൾക്ക് അസ്വസ്ഥതകളില്ലാത്തതിനാൽ അത്താഴത്തിലല്ല, പിന്നീട് കഴിച്ച തണ്ണിമത്തനിലാണ് പൊലീസിന് സംശയം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണത്തിൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തണ്ണിമത്തനിൽ രാസവസ്തുക്കളോ മറ്റ് വിഷാംശങ്ങളോ അടങ്ങിയിട്ടുണ്ടോ എന്നറിയാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ജെ ജെ മാർഗ് പോലീസ് അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സാധ്യമായ എല്ലാ കാരണങ്ങളും പരിശോധിച്ചുവരികയാണെന്നും ഇതുവരെ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കേസ് സജീവമായ അന്വേഷണത്തിലാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button