ഇ.ഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ച കേസ്….പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ വരും…

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വസതിയ്ക്ക് മുന്നിൽ ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണത്തിന് പുതിയ ഉദ്യോഗസ്ഥൻ. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ (എസ്ഐടി) ഭാഗമായി കേസ് അന്വേഷിച്ച ഇൻസ്പെക്ടർ ആർ.പ്രശാന്തിനെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്റെ ചുമതലയിൽ നിന്നു നീക്കിയ സാഹചര്യത്തിലാണ് മാറ്റം. മ്യൂസിയത്തെ പുതിയ എസ്എച്ച്ഒ ആയ സുധീഷിനായിരിക്കും അന്വേഷണച്ചുമതല കൈമാറുക എന്നാണ് വിവരം.

ഇ.ഡിയെ ആക്രമിച്ച കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, വി.ജോയ് എംഎൽഎ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്താനിരിക്കെയാണ് അന്വേഷണ സംഘത്തിലെ മാറ്റം. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും പൊലീസിലെ ഇടത് സംഘടന നേതാവുമായ പ്രശാന്തിനെ കഴിഞ്ഞ ദിവസമാണ് എസ്എച്ച്ഒ പദവിയിൽ നിന്നു മാറ്റിയത്. പകരം നിയമനം നൽകിയിട്ടില്ല. ഇടത് സംഘടനാ നേതാവ് കൂടിയായതിനാൽ പ്രശാന്തിനെ തിരുവനന്തപുരം ജില്ലയ്ക്കു പുറത്തേക്കു സ്ഥലംമാറ്റിയേക്കുമെന്നാണ് വിവരം.

Related Articles

Back to top button