നിതിൻ രാജിന്റെ മരണം… രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാർ ഹാജരായി… അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാർ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് ഇവർ ഹാജരായത്. കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.

കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഡോ. സംഗീത നമ്പ്യാരുടെ മൊഴി രേഖപ്പെടുത്തിയത്. കേസിൽ ഉൾപ്പെട്ട അധ്യാപകർ ഒളിവിലാണെന്ന ആരോപണങ്ങൾക്കിടെയാണ് രണ്ടാം പ്രതി നിയമനടപടികളുമായി സഹകരിച്ച് മുന്നോട്ടെത്തിയത്.

അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഇയാൾ ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം. നിതിൻ രാജിനെ പ്രിൻസിപ്പാളിന്റെ മുറിയിൽ വെച്ച് ചോദ്യം ചെയ്തപ്പോൾ റാമിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നുവെന്നും, അതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നുമാണ് കോടതി നിരീക്ഷിച്ചത്. ഡോ. സംഗീതയ്ക്ക് ജാമ്യം ലഭിച്ചെങ്കിലും റാമിനെ പിടികൂടാനുള്ള നീക്കങ്ങൾ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

വിദ്യാർത്ഥിയായ നിതിൻ രാജിനെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്നും ജാതി അധിക്ഷേപം നടത്തിയെന്നുമാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭങ്ങൾ സംസ്ഥാന വ്യാപകമായി തുടരുകയാണ്.

Related Articles

Back to top button