യാത്രയ്ക്കിടെ ഉറക്കം വിനയായി…. ബസിന് പുറത്തേക്ക് തലയിട്ടു… യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: മാങ്കാവിൽ ഓടുന്ന കെഎസ്ആർടിസി ബസിനുള്ളിൽ യാത്രക്കാരനായ യുവാവ് തല പോസ്റ്റിലിടിച്ച് മരിച്ചു. കണ്ണൂർ സ്വദേശി സുനിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. കോട്ടയത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിലായിരുന്നു അപകടം. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ബസിന്റെ ഏറ്റവും പിന്നിലെ സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സുനിൽ. യാത്രയ്ക്കിടയിൽ ഉറങ്ങിപ്പോയ സുനിലിന്റെ തല ബസിന് പുറത്തേക്ക് പോവുകയും റോഡരികിലെ പോസ്റ്റിൽ അതിശക്തമായി ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ജാലകത്തിലെ കമ്പി ഉൾപ്പെടെ വളഞ്ഞുപോയിട്ടുണ്ട്.

അപകടസമയത്ത് സുനിലിന്റെ ബന്ധുക്കളും ബസിലുണ്ടായിരുന്നു. വലിയൊരു ശബ്ദം കേട്ടാണ് തങ്ങൾ ഞെട്ടിയുണർന്നതെന്നും മറ്റ് വണ്ടികൾ വന്നിടിച്ചതാണോ എന്ന് ആദ്യം സംശയമുണ്ടായിരുന്നെന്നും സുനിലിന്റെ ജ്യേഷ്ഠൻ പറഞ്ഞു. ശബ്ദം കേട്ട് യാത്രക്കാർ നോക്കുമ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ സുനിലിനെ കണ്ടത്. അപകടം നടന്ന ഉടൻ തന്നെ സുനിലിനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോഴിക്കോട് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറുടെയും മറ്റ് യാത്രക്കാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റി. യാത്രക്കാർ ബസിലിരുന്ന് ഉറങ്ങുമ്പോൾ കൈകളോ തലയോ പുറത്തേക്കിടരുതെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും പലപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും, അശ്രദ്ധ വീണ്ടും ഒരു ജീവൻ കൂടി കവർന്നിരിക്കുകയാണ്.

Related Articles

Back to top button