പാറമേക്കാവിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല… രാസപരിശോധനാ ഫലം പുറത്ത്… കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് മുന്നോടിയായി പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നടത്തിയ പരിശോധനയിൽ നിരോധിത സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല. സാമ്പിളുകളുടെ രാസപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആശങ്ക നിലനിൽക്കെ ദേവസ്വത്തിന് ആശ്വാസം നൽകുന്നതാണ് ഈ റിപ്പോർട്ട്.

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ പൂരത്തിന് കടുത്ത നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചത്. സാമ്പിൾ വെടിക്കെട്ടും പ്രധാന പൂര വെടിക്കെട്ടും ഉൾപ്പെടെ എല്ലാം ഒഴിവാക്കി. ഒരു മണിക്കൂർ നീണ്ടിരുന്ന കുടമാറ്റം 15 മിനിറ്റായി ചുരുക്കി. പരമാവധി 10 സെറ്റ് കുടകൾ മാത്രമേ ഉപയോഗിക്കാവൂ. ഇലഞ്ഞിത്തറ മേളവും മഠത്തിൽ വരവ് പഞ്ചവാദ്യവും സമയമാറ്റമില്ലാതെ നടക്കും. എട്ട് ഘടക പൂരങ്ങളും ചടങ്ങുകൾ പാലിച്ച് നടത്താൻ തീരുമാനിച്ചു.

അനുവദിച്ചതിലും കൂടുതൽ അളവിൽ വെടിമരുന്ന് സൂക്ഷിച്ചുവെന്ന കേസിൽ ലൈസൻസിക്കെതിരെ നടപടിയെടുത്തതിനെ പാറമേക്കാവ് ദേവസ്വം ശക്തമായി എതിർത്തു. ഇത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സെക്രട്ടറി ജി. രാജേഷ് ആരോപിച്ചു. 2000 കിലോ സൂക്ഷിക്കാൻ അനുമതിയുള്ളിടത്ത് അതിലുമേറെ മരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവ നിർവീര്യമാക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.

മുണ്ടത്തിക്കോട് വെടിപ്പുര അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി സതീഷ് ഉൾപ്പെടെ നാല് പേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. തിരിച്ചറിയാനാവാത്ത ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു. കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. 11 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Related Articles

Back to top button