വൈദ്യുതി ഉപയോഗം റെക്കോർഡിലേക്ക്… രാത്രി 11 വരെ നിയന്ത്രണം വേണം, നിർദ്ദേശങ്ങളുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗം നിയന്ത്രണാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കെഎസ്ഇബി. പീക്ക് മണിക്കൂറുകളിലെ (വൈകുന്നേരം 6 മുതൽ രാത്രി 11 വരെ) വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.

സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിൽ എത്തി. രാത്രി 10.30-ഓടെ വൈദ്യുതി ആവശ്യകത 6195 മെഗാവാട്ട് വരെ ഉയർന്നു. ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നത്. വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെ പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ എന്നിവയുടെ ഉപയോഗം ഒഴിവാക്കുക. എസിയുടെ താപനില 24°C മുതൽ 26°C വരെയായി ക്രമീകരിക്കുന്നത് വൈദ്യുതി ലാഭിക്കാൻ സഹായിക്കും. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് പീക്ക് സമയത്തിന് ശേഷമുള്ള സമയങ്ങളിലേക്ക് മാറ്റുക. അത്യാവശ്യമല്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യുന്നത് പ്രതിസന്ധി ലഘൂകരിക്കും.

ആവശ്യകത പരിധിക്കപ്പുറം ഉയർന്നതോടെ സംസ്ഥാനത്തെ വൈദ്യുതി വിതരണ ശൃംഖല വലിയ സമ്മർദ്ദത്തിലാണ്. ഇതിനാൽ പലയിടങ്ങളിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. പുറത്തുനിന്ന് വൈദ്യുതി എത്തിച്ചും ആഭ്യന്തര ഉത്പാദനം കൂട്ടിയും സാഹചര്യം നേരിടാൻ കെഎസ്ഇബി ശ്രമിക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ബോർഡ് വ്യക്തമാക്കി. നിയന്ത്രണങ്ങൾ പാലിക്കുന്നത് വലിയ വൈദ്യുതി ബില്ലുകൾ ഒഴിവാക്കാനും ഉപകരിക്കും.

Related Articles

Back to top button