താമരശ്ശേരിയിൽ വീടിനുള്ളിൽ കയറി 19 കാരിയെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമം…. ക്രൂരത മനുഷ്യ വിസര്‍ജ്ജ്യം പുരട്ടിയ തുണി ഉപയോഗിച്ച്….

കോഴിക്കോട്: താമരശ്ശേരിയിൽ ബിരുദ വിദ്യാർത്ഥിനിയായ 19-കാരിക്ക് നേരെ അജ്ഞാതന്റെ ക്രൂരമായ ആക്രമണം. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമി മനുഷ്യമൂത്രം പുരട്ടിയ തുണി ഉപയോഗിച്ച് പെൺകുട്ടിയെ ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതായാണ് പരാതി. താമരശ്ശേരി കാരാടി പാൽ സൊസൈറ്റിക്ക് സമീപം ‘നേത്രാവതി’ എന്ന വാടക വീട്ടിൽ കഴിഞ്ഞ ദിവസം വൈകീട്ട് 6.30-ഓടെയാണ് സംഭവം നടന്നത്.
വീടിന്റെ പിൻവാതിലിലൂടെ അകത്തുകടന്ന അക്രമി പെൺകുട്ടിയെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു. മൂത്രം പുരട്ടിയ തുണി മുഖത്ത് അമർത്തി ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതോടെ പെൺകുട്ടി ആവുന്നത്ര ശക്തിയിൽ ഇയാളെ തള്ളിമാറ്റി പ്രതിരോധിച്ചു. ഇതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസമയത്ത് പെൺകുട്ടിയും മാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗൃഹനാഥയും രണ്ട് പെൺമക്കളുമാണ് ഈ വീട്ടിൽ താമസം. മൂത്ത മകൾ ബാങ്ക് ജീവനക്കാരിയാണ്.
വിവരമറിഞ്ഞ് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അജ്ഞാതനായ അക്രമിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വീടിനുള്ളിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ലാത്ത സാഹചര്യം പ്രദേശവാസികളെ വലിയ രീതിയിൽ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതിയെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



