മുണ്ടത്തിക്കോട് അപകടം… കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി… ഇന്ന് കണ്ടെത്തിയത് തലയും കയ്യും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം നടന്ന സ്ഥലത്ത് ഇന്നുനടത്തിയ പരിശോധനയിൽ നടുക്കുന്ന ദൃശ്യങ്ങൾ. പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ സമഗ്രമായ തിരച്ചിലിൽ മനുഷ്യശരീരത്തിന്റെ കൈയും തലയും ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെടുത്തു. തെരുവുനായ്ക്കൾ ശരീരഭാഗങ്ങളുമായി ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ വ്യാപക തിരച്ചിലിലാണ് സമീപത്തെ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നും പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിൽ അവയവങ്ങൾ ലഭിച്ചത്. ഇവ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
അപകടസ്ഥലം സന്ദർശിച്ച ദേവസ്വം മന്ത്രി വി.എൻ. വാസവൻ സംഭവത്തിൽ കർശന അന്വേഷണം പ്രഖ്യാപിച്ചു. അപകടസമയത്ത് അനുവദിച്ചതിലും കൂടുതൽ അളവിൽ വെടിമരുന്ന് പുരയിലുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. അപകടസമയത്ത് ആകെ 38 പേരാണ് അവിടെ ഉണ്ടായിരുന്നത്. ഇതിൽ നാലുപേരെക്കുറിച്ച് മാത്രമാണ് ഇനി അവ്യക്തത തുടരുന്നത്. രേഖകളെല്ലാം കത്തിനശിച്ചതിനാൽ ആളുകളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ട്. പരിക്കേറ്റവരിൽ നാലുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. നിസ്സാര പരിക്കേറ്റവർ ആശുപത്രി വിട്ടു.
വെടിക്കെട്ട് അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ വരാനിരിക്കുന്ന വെടിക്കെട്ടുകളുടെ രീതി മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ചർച്ച തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഒളിമ്പിക്സിലൊക്കെ കാണുന്നതുപോലെ ശബ്ദം കുറച്ച്, വർണ്ണങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയിലാകണം വെടിക്കെട്ടുകൾ. സുരക്ഷ മുൻനിർത്തി തൃശൂർ പൂരത്തിന്റെ ഈ വർഷത്തെ പ്രധാന വെടിക്കെട്ട് ഒഴിവാക്കിയതായും മന്ത്രി വ്യക്തമാക്കി.



