എട്ടു വയസ്സുകാരൻ മരിച്ച വീട്ടിൽ നിന്ന് ഇന്നും പാമ്പിനെ കണ്ടെത്തി… നാല് ദിവസത്തിനിടെ പിടികൂടിയത് നാല് പാമ്പുകളെ

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ച വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ വീടിനുള്ളിലെ കിടപ്പുമുറിയിലാണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടത്. ഉടൻ തന്നെ വീട്ടുകാർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. കുട്ടിയുടെ മരണശേഷം ഈ വീട്ടിൽ നിന്നും പരിസരത്ത് നിന്നുമായി കണ്ടെത്തുന്ന നാലാമത്തെ പാമ്പാണിത്.

അൽജോയുടെ സംസ്കാരം നടന്ന തിങ്കളാഴ്ച വീടിന് പരിസരത്ത് നിന്ന് രണ്ട് പാമ്പുകളെ കണ്ടെത്തിയിരുന്നു. ഇന്നലെയും കിടപ്പുമുറിയിൽ പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ തല്ലിക്കൊന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും വീടിന് ചുറ്റും തീയിടുകയും ചെയ്തിരുന്നെങ്കിലും പാമ്പിൻ കുഞ്ഞുങ്ങൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ.

സിൽജോ-ജോൺസി ദമ്പതികളുടെ മക്കളായ അൽജോയും അനോഷും കഴിഞ്ഞ ദിവസമാണ് ഉറക്കത്തിൽ പാമ്പുകടിയേറ്റത്. ചൂട് കാരണം ഹാളിൽ കിടന്നുറങ്ങിയ കുട്ടികൾ പിന്നീട് അമ്മയോടൊപ്പം മുറിയിലെ കട്ടിലിലേക്ക് മാറിയിരുന്നു. തലയിണയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പാണ് രണ്ടുപേരെയും കടിച്ചത്. പുലർച്ചെ കുട്ടികളുടെ വായിൽ നിന്ന് നുരയും പതയും വന്നതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന സംശയം ഉയർന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അൽജോ മരണപ്പെട്ടിരുന്നു. ചികിത്സയിലുള്ള അനോഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. തുടർച്ചയായി വീടിനുള്ളിൽ പാമ്പുകളെ കാണുന്നത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. പ്രദേശത്തെ കാടുകളും മാളങ്ങളും കേന്ദ്രീകരിച്ച് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാനാണ് തീരുമാനം.

Related Articles

Back to top button