പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം…. ഡോക്ടർമാർ തൊട്ടുപോലും നോക്കിയില്ലെന്ന് അച്ഛൻ

തിരുവനന്തപുരം: ചിറയിൻകീഴിൽ ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. അഴൂർ പെരുങ്ങുഴി ദിലീപ്-അനു ദമ്പതികളുടെ മകൻ ദിക്ഷൽ ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്ന് കുടുംബം ആരോപിച്ചു.

പുലർച്ചെ രണ്ടരയോടെയാണ് സംഭവം. എന്തോ കടിച്ചു എന്ന് കരഞ്ഞ കുഞ്ഞിനെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പിതാവ് ദിലീപ് പറഞ്ഞു. ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടർ കുഞ്ഞിനെ തൊട്ടുപോലും നോക്കിയില്ലെന്നും നേഴ്സ് മാത്രമാണ് പരിശോധിച്ചതെന്നും പിതാവ് ആരോപിക്കുന്നു. പാമ്പ് കടിയേറ്റതാണെന്ന സംശയം ഉണ്ടായിട്ടും കുഞ്ഞിന് ആന്റിവെനം നൽകാൻ അധികൃതർ തയ്യാറായില്ലെന്നും ഉടൻ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നും ആക്ഷേപമുണ്ട്. മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ കുഞ്ഞിന്റെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ആശുപത്രിയിൽ കെട്ടിടങ്ങൾ മാത്രമാണുള്ളതെന്നും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന പരാതി നേരത്തെയും ഉയർന്നിട്ടുണ്ടെന്നും അഴൂർ പഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു പറഞ്ഞു. ആന്റിവെനം നൽകി കൃത്യമായ പ്രാഥമിക ചികിത്സ ലഭിച്ചിരുന്നെങ്കിൽ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി. ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന നിർധന കുടുംബത്തിന്റെ ഏക പ്രതീക്ഷയാണ് നഷ്ടമായതെന്നും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു. മൂർഖൻ പാമ്പാണ് കുഞ്ഞിനെ കടിച്ചതെന്ന് പിന്നീട് സ്ഥിരീകരിച്ചു. കുഞ്ഞ് കിടന്ന മുറിയിൽ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Back to top button