വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു… ഒന്നര ലക്ഷം തട്ടിയെടുത്തു… കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരെ യുവതിയുടെ പരാതി

കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി. കോളേജ് പഠനകാലം മുതൽ വിവാഹ വാഗ്ദാനം നൽകി പ്രണയിച്ചെന്നും ഈ കാലയളവിൽ പലപ്പോഴായി ഒന്നര ലക്ഷത്തോളം രൂപ കൈക്കലാക്കിയെന്നുമാണ് പരാതി. വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞപ്പോൾ പണം തിരികെ ചോദിച്ച യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
വർഷങ്ങളായുള്ള പ്രണയത്തിനിടയിൽ പല ആവശ്യങ്ങൾക്കായി ഒന്നര ലക്ഷത്തിലധികം രൂപ കൈപ്പറ്റി. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കി പണം ചോദിച്ചപ്പോൾ ‘നിനക്ക് പറ്റുന്നപോലെ വാങ്ങിച്ചെടുത്തോ’ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. കെഎസ്‌യു നേതാവ് ഫർഹാൻ മുണ്ടേരി തന്നെ സമീപിച്ചതായും, “റേപ്പ് ഒന്നും ചെയ്തില്ലല്ലോ, ഇതൊക്കെ നാട്ടിൽ സർവ്വസാധാരണമല്ലേ” എന്ന രീതിയിൽ നിസ്സാരവൽക്കരിച്ച് സംസാരിച്ചതായും യുവതി ആരോപിക്കുന്നു. സംഭവത്തെത്തുടർന്ന് താൻ ഗുരുതരമായ മാനസിക വിഷാദത്തിലാണെന്നും ദീർഘകാലമായി സൈക്കോളജിസ്റ്റിന്റെ ചികിത്സയിലാണെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമമുണ്ടായതായും ആരോപണമുണ്ട്.
അതുല്‍ എംസിയുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം…
വാര്‍ത്തകളും പരാതിയും കണ്ടു. വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതല്‍ പലവിധത്തില്‍ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്.
`നിന്നെ ഫിനിഷ് ചെയ്യും’ എന്നാണ് അടക്കം പറിച്ചില്‍. എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്. പക്ഷേ ഇത് അല്പം കടന്ന കയ്യായ്‌പ്പോയി.
ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല.
വിവിധ ക്യാമ്പസുകളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി പല വിദ്യാര്‍ഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയില്‍ അവര്‍ക്കൊക്കെ എന്റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നാണ് കരുതുന്നത്. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയില്‍ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും. ഒരുപാട് ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ നിന്നും കടം മേടിച്ചും തിരിച്ചു കൊടുത്തും പല സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെ പൊതുപ്രവര്‍ത്തനം നടത്തി മുന്നോട്ട് പോകുന്ന സാധാരണക്കാരനാണ് ഞാനും.
ഇപ്പോഴും കടവും ലോണുകളുമല്ലാതെ വ്യക്തിപരമായി ഈ പൊതുപ്രവര്‍ത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ല.
വേദനകളും, യാതനകളും, പ്രതിസന്ധികളും അനവധി ഉണ്ടായിട്ടുണ്ടെങ്കിലും
ഈ പൊളിറ്റിക്‌സില്‍ നിലനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് ഇതിനോടുള്ള പാഷനും കോണ്‍ഗ്രസിന്റെ ലെഗസിയുമാണ്. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനില്‍ തല്‍ക്കാലം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ല. (കേസിനെ ബാധിക്കുന്നത് കൊണ്ട്).
ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും മറ്റ് വിവരങ്ങളുമൊക്കെ കോടതിക്ക് മുമ്പാകെ ഹാജരാക്കും.
കോടതി നീതി ഉറപ്പാക്കട്ടെ.
കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും തുടരുന്നവരുടെ ഉദ്ദേശം മറ്റൊന്നാണല്ലോ.
അവര്‍ക്ക് വിശദീകരണങ്ങളും പോരാതെ വരും.



