പേരാമ്പ്രയിലെ മെറ്റീരിയൽ റൂം വിവാദം… ഉദ്യോഗസ്ഥർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ മെറ്റീരിയൽ റൂം നിയമവിരുദ്ധമായി തുറന്ന സംഭവത്തിൽ നിയമപോരാട്ടത്തിനൊരുങ്ങി കോഴിക്കോട് ഡിസിസി. ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയ റിട്ടേണിങ് ഓഫീസർക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ മുന്നണിക്ക് കോടതിയെ സമീപിക്കേണ്ടി വരുന്നത് കേരള ചരിത്രത്തിൽ ആദ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ റിട്ടേണിങ് ഓഫീസർക്ക് വീഴ്ച പറ്റിയെന്ന് ജില്ലാ കളക്ടർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി 24 മണിക്കൂർ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തത് ദുരൂഹമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇത്രയും സെൻസിറ്റീവായ വിഷയത്തിൽ നടപടിയില്ലെങ്കിൽ എന്ത് വിശ്വാസത്തിലാണ് ജനാധിപത്യ രാജ്യത്ത് ജീവിക്കുകയെന്ന് പ്രവീൺ കുമാർ ചോദിച്ചു. 72 മണിക്കൂർ കഴിഞ്ഞിട്ടും അധികൃതർ മൗനം പാലിക്കുന്നത് ജനമധ്യത്തിലുള്ള സംശയം വർധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ട്രോങ്ങ് റൂമും മെറ്റീരിയൽ റൂമും അടുത്തടുത്തായി ക്രമീകരിച്ചതിലും, മെറ്റീരിയൽ റൂം തുറക്കാൻ അനുമതി നൽകിയതിലും ജില്ലാ കളക്ടറുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് ആക്ഷേപമുണ്ട്. മെറ്റീരിയൽ റൂം തുറക്കുന്ന കാര്യം മുൻകൂട്ടി അറിഞ്ഞിട്ടും നേതൃത്വത്തെ അറിയിക്കുന്നതിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്ക് വീഴ്ച പറ്റിയെന്ന വികാരം ലീഗിലും കോൺഗ്രസിലും ശക്തമാണ്.

Related Articles

Back to top button