15,000 രൂപയ്ക്ക് ചോദിച്ചത് 3.5 ലക്ഷം… കുറ്റിക്കാട്ടൂരിലെ ആത്മഹത്യക്ക് പിന്നിൽ ബ്ലേഡ് മാഫിയയുടെ ക്രൂരത

കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ കുടുംബനാഥനായ കൃഷ്ണൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. ബ്ലേഡ് പലിശ സംഘത്തിന്റെ നിരന്തര ഭീഷണിയെത്തുടർന്നാണ് താൻ ജീവനൊടുക്കുന്നതെന്ന് വ്യക്തമാക്കുന്ന കൃഷ്ണന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മരണത്തിന് തൊട്ടുമുൻപ് മകന് അയച്ച സന്ദേശത്തിലാണ് പലിശ മാഫിയയുടെ ക്രൂരതകൾ വിവരിക്കുന്നത്.

പ്രദേശവാസിയായ ഷൈജു എന്നയാളിൽ നിന്ന് കൃഷ്ണൻ 15,000 രൂപയാണ് കടം വാങ്ങിയിരുന്നത്. എന്നാൽ ഇതിന് പകരമായി 3.5 ലക്ഷം രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഷൈജു സമ്മർദ്ദം ചെലുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു. പണം ചോദിച്ചെത്തിയവർ തങ്ങൾ ക്രൈംബ്രാഞ്ചിൽ നിന്നുള്ള സംഘമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും കുടുംബം വെളിപ്പെടുത്തി. ഷൈജുവിന്റെ പേര് പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി.

പണം നൽകാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതോടെ കൃഷ്ണൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഈ മാസം ആറാം തീയതിയാണ് കൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Related Articles

Back to top button