മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം…. സ്ഫോടനസമയത്ത് പുരയിലുണ്ടായിരുന്നത് 37 പേർ…. നിരവധി ശരീരഭാഗങ്ങൾ കണ്ടെത്തി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ അപകട സമയത്ത് വെടിക്കെട്ട് പുരയിൽ 37 പേർ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ വിശദമായ സംയുക്ത പരിശോധനയിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമായി നിരവധി ശരീരഭാഗങ്ങൾ കണ്ടെടുത്തു.

കഡവർ നായകളെയും സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച നായകളെയും ഉപയോഗിച്ചായിരുന്നു ഇന്നത്തെ ആദ്യഘട്ട പരിശോധന. തുടർന്ന് 200-ഓളം പോലീസുകാരെ അണിനിരത്തി പ്രദേശം അരിച്ചുപെറുക്കി. ശരീരഭാഗങ്ങൾക്ക് പുറമെ പത്ത് മൊബൈൽ ഫോണുകളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്. തൃശ്ശൂർ പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

അപകട സ്ഥലത്ത് അവശേഷിക്കുന്ന മുന്നൂറ് കിലോയോളം സ്‌ഫോടക വസ്തുക്കൾ ഉടൻ തന്നെ സുരക്ഷിതമായി നീക്കം ചെയ്ത് നിർവീര്യമാക്കും. ജുഡീഷ്യൽ കമ്മീഷന്റെയും പ്രത്യേക പോലീസ് സംഘത്തിന്റെയും അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രദേശം പൂർണ്ണമായും പോലീസിന്റെ കർശന നിയന്ത്രണത്തിലായിരിക്കും. നിലവിൽ ലഭ്യമായ ദൃക്‌സാക്ഷി മൊഴികളിൽ വൈരുധ്യമുണ്ട്. അതിനാൽ ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കടുത്ത ചൂടാണ് സ്ഫോടനത്തിന് കാരണമെന്ന വാദം പ്രാഥമിക അന്വേഷണത്തിൽ തള്ളിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് സ്ഫോടനത്തിന് കാരണമായിട്ടുണ്ടോ എന്നറിയാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.

Related Articles

Back to top button