പോക്സോ കേസ്…. എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണന് ഇടക്കാല മുൻകൂർ ജാമ്യം

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എച്ച്ആർഡിഎസ് (HRDS) സ്ഥാപക ചെയർമാൻ അജി കൃഷ്ണന് ഇടക്കാല മുൻകൂർ ജാമ്യം. ഡൽഹി സാകേത് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ദിനേശ് കുമാർ ആണ് ഏഴാം തീയതി വരെ അറസ്റ്റിൽ നിന്ന് പരിരക്ഷ അനുവദിച്ചത്. കേസിലെ ഇരയായ പെൺകുട്ടിക്ക് സംരക്ഷണം നൽകാൻ കോടതി ഡൽഹി പോലീസിനോട് നിർദ്ദേശിച്ചു.
എച്ച്ആർഡിഎസിലെ തന്നെ ഒരു ജീവനക്കാരനാണ് തന്റെ മകൾക്കെതിരെ അജി കൃഷ്ണൻ അതിക്രമം നടത്തിയെന്ന് കാണിച്ച് പരാതി നൽകിയത്. 2024-ൽ പരാതിക്കാരന്റെ വീട്ടിൽ വെച്ചാണ് അതിക്രമം നടന്നതെന്ന് ആരോപിക്കുന്നു. ജോലി ആവശ്യങ്ങൾക്കായി പിതാവിനെ ബംഗാൾ, ത്രിപുര എന്നിവിടങ്ങളിലേക്ക് അയച്ച സമയത്ത്, മകൾക്കൊപ്പം താൻ നിന്നുകൊള്ളാമെന്ന് വിശ്വസിപ്പിച്ചാണ് അജി കൃഷ്ണൻ അതിക്രമം നടത്തിയത്. പിതാവിനെ ആന്ധ്രപ്രദേശിലേക്ക് സ്ഥലം മാറ്റിയ വിവരം അറിഞ്ഞതോടെയാണ് കുട്ടി ഭയത്തോടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. അച്ഛൻ പോയാൽ വീണ്ടും അതിക്രമം ഉണ്ടായേക്കുമെന്ന ഭയത്തിലായിരുന്നു കുട്ടി. വനിതാ കമ്മീഷനിൽ പരാതി നൽകിയതിനെത്തുടർന്ന് നിലവിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടി സാകേത് കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്.
പരാതി കെട്ടിച്ചമച്ചതാണെന്നാണ് എച്ച്ആർഡിഎസ് നിലപാട്. പരാതി നൽകിയ ജീവനക്കാരനെതിരെ മുൻപ് അച്ചടക്ക നടപടി എടുത്തിരുന്നതായും, അതിന്റെ ഭാഗമായി നൽകിയ സ്ഥലം മാറ്റത്തിലുള്ള പകപ്പോക്കലാണ് ഈ കേസിന് പിന്നിലെന്നും സംഘടന അവകാശപ്പെടുന്നു. സ്ഥാപനത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ഗൂഢാലോചനയാണിതെന്നും ഭാരവാഹികൾ ആരോപിച്ചു.
നേരത്തെ ആദിവാസി ഭൂമി കയ്യേറ്റം, സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയത് തുടങ്ങിയ സംഭവങ്ങളിലും അജി കൃഷ്ണൻ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.



